ഗാസ: കഴിഞ്ഞ വർഷം കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിൽ ഇസ്രായേൽ സൈന്യത്തെ ചേർത്തതായി യുഎൻ. യുഎന്നിലെ ഇസ്രായേൽ അംബാസഡറാണ് ഇക്കാര്യം വിശദമാക്കിയത്. യുഎന്നിലെ ഇസ്രയേൽ സ്ഥിരം പ്രതിനിധിയായ ഗിലാഡ് മെനാഷെ എർദാൻ തീരുമാനം തന്നെ അറിയിച്ചതായി വെള്ളിയാഴ്ച പ്രതികരിച്ചു. തീരുമാനം ലജ്ജാവഹമാണെന്നാണ് ഗിലാഡ് മെനാഷെ എർദാൻ പ്രതികരിച്ചത്. യുഎന്നുമായുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ബന്ധങ്ങളെ തീരുമാനം ബാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് വെള്ളിയാഴ്ച വിശദമാക്കിയത്.
ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാക്കാനുള്ള നിർണായ ചുവട് വയ്പായാണ് തീരുമാനത്തെ പലസ്തീൻ വക്താവ് അന്തർദേശീയ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രതികരണത്തിൽ നിരീക്ഷിക്കുന്നത്. ഹമാസിനെതിരായ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരും ബന്ധുക്കൾ നഷ്ടമായവരുമായി നിരവധി കുട്ടികളാണ് ഗാസയിൽ മാനുഷിക പരിഗണന കാത്തിരിക്കുന്നത്. യുഎൻ സെക്രട്ടറി ജനറലിൻ്റെ വാർഷിക പട്ടികയിൽ സംഘർഷത്തിൽ കുട്ടികൾ കൊല്ലപ്പെടുന്നതും സഹായത്തിനുള്ള പ്രവേശനം നിഷേധിക്കുന്നതും സ്കൂളുകളും ആശുപത്രികളും ലക്ഷ്യമിടുളള ആക്രമണങ്ങളും ഉൾക്കൊള്ളുന്നു.
അടുത്തയാഴ്ച യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഈ പട്ടിക ഉൾപ്പെടുത്തും. എന്തെല്ലാം ലംഘനങ്ങളാണ് ഇസ്രായേൽ സൈന്യം നടത്തിയതെന്ന് യുഎൻ വ്യക്തമായിട്ടില്ല. ഇസ്രയേൽ സൈന്യത്തിന് പുറമേ ഹമാസും പലസ്തീൻ ഇസ്ലാമിക് ജിഹാദും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ലോകത്തിലെ തന്നെ ഏറ്റവും ധാർമ്മികമായ സേനയെയാണ് യുഎൻ കരിമ്പട്ടികയുടെ ചരിത്രത്തിലേക്ക് കൂട്ടിച്ചേർത്തതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനത്തേക്കുറിച്ച് പ്രതികരിച്ചത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് ഗാസയ്‌ക്ക് സമീപം ഹമാസ് ആക്രമണം അഴിച്ചുവിടുകയും 38 കുട്ടികളടക്കം 1200 പേർ കൊല്ലപ്പെടുകയും 42 കുട്ടികളടക്കം 252 പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് ശേഷമാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേൽ നാഷണൽ കൗൺസിൽ ഫോർ ദി ചൈൽഡ് വിശദമാക്കിയിട്ടുള്ളത്. അതേസമയം ഇസ്രായേൽ ബോംബാക്രമണത്തിലും കര ആക്രമണത്തിലും ഇതുവരെ 36,731 പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം വിശദമാക്കിയിട്ടുള്ളത്. യുഎന്നിന്റെ കഴിഞ്ഞ മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ 7797 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നവരിൽ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണെന്നും യുഎൻ വിശദമാക്കിയിരുന്നു. എന്നാൽ ഹമാസ് നൽകിയ തെറ്റായ കണക്കുകളാണ് യുഎൻ പുറത്ത് വിടുന്നതെന്നാണ് ഇസ്രയേൽ ആരോപണം.