തിരുവനന്തപുരം : സ്കൂളുകൾ (Schools) തുറക്കാനുള്ള സർക്കാർ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകൾ. സ്‌കൂൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിൽ തങ്ങൾക്കുള്ള പ്രതിഷേധം അധ്യാപക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത്, മുഴുവൻ സമയം പ്രവർത്തിക്കുന്നത്, ഫോക്കസ് ഏരിയ എന്നിവയിൽ സഹകരിക്കും. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയത് പ്രത്യേക സാഹചര്യത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. ശനിയാഴ്ച ക്ലാസുകൾ അടുത്ത മൂന്ന് ആഴ്ച മാത്രമേ ഉണ്ടാകൂ.
നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുമ്പോൾ ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് ഭാരമാവുന്ന തരത്തിൽ തുടരില്ല. അധ്യാപകരോട് കൂടിയാലോചിക്കാതെ മാർഗനിർദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.