തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാൻ്റെ ഓഫീസിലെ പ്യൂൺ ആൾമാറാട്ടം നടത്തി പണം തട്ടിയതായി കേസ്. പ്യൂൺ വിപി വിനീത് കൃഷ്ണനെ വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു ആൾമാറാട്ടം നടത്തിയത്. കെഎസ്ഇബി വിജിലൻസ് വിഭാഗം ഡിവൈഎസ്പിക്ക് വിനീത് കൃഷ്ണനെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. പ്രാഥമിക പരിശോധനയിൽ തന്നെ പ്രതി കുറ്റം ചെയ്തെന്ന് വ്യക്തമായി. ഐപിഎസ് ഉദ്യോഗസ്ഥനെന്ന് വിശ്വാസം വരുത്താൻ ഉതകുന്ന സർക്കാർ കത്തുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. തമിഴ്നാട്, ബിഹാർ സർക്കാരുകൾ നൽകിയ അനുമോദനത്തിൻ്റെ പത്രകുറിപ്പുകൾ, കേന്ദ്ര ഗവർണമെൻ്റിന്റെ പോസ്റ്റിംഗ് ഓർഡർ എന്നിവയും വ്യാജമായി തയ്യാറാക്കിയിരുന്നു. ഇവ നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പലരിലേക്കും എത്തിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.