ന്യൂഡൽഹി: സമൂഹത്തെ വിഭജിക്കുന്ന നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ സ്വീകരിക്കാൻ നിയുക്ത എൻ.ഡി.എ സർക്കാർ തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി. തെരഞ്ഞെടുപ്പ് ഫലം വിദ്വേഷത്തിനും വിഭജന രാഷ്ട്രീയത്തിനുമെതിരെയുള്ള ശക്തമായ മറുപടിയാണ്. വിയോജിപ്പുള്ളവരെ വേട്ടയാടാൻ ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള വിവിധ പാർട്ടികൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. ജനവിധിയിൽനിന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും പാഠമുൾക്കൊള്ളണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അസി.അമീറുമാരായ മലിക് മുഅ്തസിം ഖാൻ, പ്രഫ. സലിം എൻജിനീയർ, ദേശീയ മാധ്യമ അസിസ്റ്റൻറ് സെക്രട്ടറി സൽമാൻ അഹ്മദ് എന്നിവരും പങ്കെടുത്തു.