ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ 70-ാം ജന്മവാർഷിക ദിനത്തിൽ അവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സുഷമ സ്വരാജ് തന്റെ ഗ്രാമം സന്ദർശിച്ചതടക്കമുള്ള കാര്യങ്ങൾ മോദി അനുസ്മരിച്ചത്. 25 വർഷങ്ങൾക്ക് മുമ്പാണ് സംഭവം. ഞാൻ ബിജെപിയിൽ പ്രവർത്തിച്ചു തുടങ്ങിയ സമയത്താണ് സുഷമ ജി ഒരു തിരഞ്ഞെടുപ്പ് പര്യടനത്തിൽ പങ്കെടുക്കുന്നതിനായി ഗുജറാത്തിൽ എത്തിയത്.
അതിനിടയിൽ എന്റെ ഗ്രാമമായ വഡ്നഗറിൽ എത്തുകയും എന്റെ അമ്മയെ കാണുകയും ചെയ്തിരുന്നു. അപ്പോഴാണ് എന്റെ അടുത്ത ബന്ധുവിന് ഒരു മകൾ പിറന്നത്. ജാതക പ്രകാരം അവൾക്ക് ജ്യോതിഷി ഒരു പേര് നിർദ്ദേശിക്കുകയും കുടുംബം അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് ഒരു ട്വിസ്റ്റ് സംഭവിച്ചത്. സുഷ്മ ജിയുടെ സന്ദർശനത്തിനുശേഷം അമ്മ പറഞ്ഞു കുഞ്ഞിനെ സുഷ്മ എന്ന് വിളിച്ചാൽ മതിയെന്ന്. എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ലെങ്കിലും ചിന്തകളിൽ ആധുനിതക പുലർത്തുന്നവരാണ്. അന്ന് ആ തീരുമാനം അമ്മ കുടുംബത്തിലെ എല്ലാവരേയും അറിയിച്ച രീതി ഞാൻ ഇന്നും ഓർക്കുന്നു.- പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി.
വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സുഷമ സ്വരാജ് പ്രധാനപങ്കു വഹിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ സഹായിച്ച അനുകമ്പയുള്ള നേതാവായിരുന്നു അവരെന്നും പ്രധാനമന്ത്രി തന്റെ അനുശോചനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. 2019 ഓഗസ്റ്റ് 6 നാണ് ഹൃദയാഘാതത്തെ തുടർന്ന് ബിജെപി നേതാവായ സുഷമ സ്വരാജ് (67) അന്തരിച്ചത്.