ന്യൂഡൽഹി: ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ ഡയറക്ടർ ജനറൽ ക്രിസ്റ്റോഫ് ഡിലോയർ അന്തരിച്ചു. 53 വയസ്സായിരുന്നു. അർബുദ ബാധിതയായിരുന്നു ഡിലോയർ. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ കൂടിയായിരുന്നു. 12 വർഷമായി ഡിലോയർ ഈ പദവി വഹിച്ചുവരികയാണെന്ന് സംഘടന അറിയിച്ചു. ഈ കാലയളവിൽ അസോസിയേഷനെ സജീവമായി മാറ്റിയെടുത്ത് മാധ്യമപ്രവർത്തനത്തിലെ പ്രതിരോധത്തിനുള്ള ആഗോള ചാമ്പ്യനാക്കിയതായും അതിൽ പറഞ്ഞു. ഫോറം ഓൺ ഇൻഫർമേഷൻ ആൻഡ് ഡെമോക്രസിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഡെലോയർ. ഭാര്യയും മകനുമടങ്ങുന്നതാണ് ഡെലോയറിന്റെ കുടുംബം.
മുൻ പത്ര-ടെലിവിഷൻ റിപ്പോർട്ടറായ അദ്ദേഹം 2012 മുതൽ മാധ്യമ നിരീക്ഷണത്തിന്റെ ചുക്കാൻ പിടിച്ചിരുന്നു. പത്രപ്രവർത്തനം അദ്ദേഹത്തിന്റെ ജീവിത പോരാട്ടമായിരുന്നു. അത് അചഞ്ചലമായ ബോധ്യത്തോടെയാണ് അദ്ദേഹം നടത്തിയതെന്നും റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു. ഡെലോയറിന്റെ ഹൃദയത്തിലായിരുന്നു പത്രപ്രവർത്തനം ഉണ്ടായിരുന്നതെന്ന് എക്‌സിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അനുശോചിച്ചു. വിവര സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവാദത്തിനും വേണ്ടി ഡെലോയർ അക്ഷീണം പോരാടിയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ നടത്തിയ ഇടപെടലുകൾ ആണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിനെ ഏറ്റവും ഒടുവിൽ ശ്രദ്ധേയമാക്കിയത്. ഗസ്സയിൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്ന ഇസ്രായേലിനെതിരെ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ സംഘടന നിരവധി തവണ പരാതികൾ നൽകിയിരുന്നു.