അമൃത്സർ : പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. പഞ്ചാബിൽ കോൺഗ്രസ് ഒരു സർക്കസാണെന്ന് പറഞ്ഞ എഎപി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മനിനെ അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി.
കോൺഗ്രസ് സർക്കസിൽ ഒരു കുരുങ്ങന്റെ വേഷം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ചന്നി പരിഹസിച്ചു. ഞങ്ങളുടെ സർക്കസിൽ ഒരു കുരങ്ങന്റെ റോൾ ഒഴിവുണ്ട്. അതിലേക്ക് ചേരാൻ അവരെ സ്വാഗതം ചെയ്യുന്നു. ഡൽഹിയിൽ നിന്നോ ഹരിയാണയിൽ നിന്നോ യുപിയിൽ നിന്നോ എവിടെ നിന്ന് ആര് വന്നാലും സ്വാഗതം ചെയ്യും ചന്നി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം കഴിഞ്ഞ ദിവസം അമൃത്സറിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭവന്ത് മൻ കോൺഗ്രസിനെ വിമർശിച്ചത്. പഞ്ചാബിൽ കോൺഗ്രസ് പാർട്ടി സർക്കസായി മാറിയിരിക്കുകയാണ്. ചന്നി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തെ എഎപി തോൽപ്പിക്കും മൻ പറഞ്ഞു. പഞ്ചാബ് ആർക്കൊപ്പവും പോകില്ലെന്നും കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്നും ചന്നി മറുപടി നൽകി. എഎപിയെ ബ്രിട്ടീഷുകാരോട് ഉപമിച്ച ചന്നി ബ്രിട്ടീഷുകാർ പഞ്ചാബിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.