ദില്ലി: അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥികുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പി എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ സീറ്റാണ് കെ എം സി സി ദില്ലി ഘടകം ഭാരവാഹിയായ അഡ്വക്കേറ്റ് ഹാരിസ് ബിരാന് നൽകാൻ പാണക്കാട് സാദിക്കലി തങ്ങൾ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമുമടക്കമുള്ളവർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും തീരുമാനത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നാണ് സൂചന. മറ്റു നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. ഭൂരിപക്ഷം നേതാക്കളും തങ്ങളുടെ തീരുമാനത്തെ അനുകൂലിക്കുന്ന സാഹചര്യത്തിൽ തീരുമാനം മാറാൻ ഇടയില്ല.