കൊച്ചി: റെയിൽവേ ജീവനക്കാരനെ അക്രമിച്ച് ഫോണും പണവും കവർന്ന പിടിച്ചുപറി സംഘം കൊച്ചിയിൽ അറസ്റ്റിൽ. ട്രെയിനിൽ കയറി ആക്രമണം നടത്തിയ നാല് പശ്ചിമ ബംഗാൾ സ്വദേശികളാണ് പിടിയിലായത്. എവിടെയും സ്ഥിര താമസമാക്കാതെ മോഷണം നടത്തി കിട്ടുന്ന പണം ആർഭാട ജീവിതത്തിനും ലഹരിക്കുമായി ഉപയോഗിക്കുന്നതാണ് ഇവരുടെ പതിവെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. എറണാകുളം മാർഷലിംഗ് യാർഡിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ടാറ്റാ നഗർ എക്സ്പ്രസ്. കമ്മട്ടിപ്പാടത്തിന് സമീപത്ത് വച്ചാണ് സംഭവം.
ട്രെയിനിന്‍റെ പിറക് വശത്തേക്ക് ഓടികയറിയ അക്രമികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയായികുന്നു. പിന്നീട് ഈ സംഘം രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപ വില വരുന്ന ഫോൺ അടക്കം 4 ഫോണുകളാണ് ഇവർ മോഷ്‌ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ നാല് പേരെ റെയിൽവേ ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പിടികൂടിയത്. ബംഗാൾ സ്വദേശികളായ എം.ഡി. മിസ്തർ, അബു താലിം, ലാൽ ബാബു , എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത ആളുമാണ് പിടിയിലായത്.
പരാതി കിട്ടിയതോടെ പൊലീസ് കമ്മട്ടിപ്പാടത്തിന് സമീപത്തെ ഏകദേശം ഇരുന്നൂറിൽപരം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. സമീപവാസികളെ ചോദ്യം ചെയ്തു. മോഷ്‌ടിച്ച മൊബൈൽ ഫോണിന്‍റെ അവസാന ലൊക്കേഷൻ കാണിച്ചത് നോർത്ത് പാലത്തിനു സമീപം. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. രാത്രിയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ ട്രെയിൻ വേഗതകുറച്ച് ഓടുന്ന സമയത്തിനായി ഇവർ തക്കം പാർത്ത് ഇരിക്കും. ട്രെയിനിൽ ചാടികയറി ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോണുകൾ എടുത്ത് വേഗത്തിൽ ചാടി രക്ഷപ്പെടുകയാണ് പതിവ്.
മോഷ്ടിച്ചെടുക്കുന്ന വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റ് കാശാക്കും. പണം ആർഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനുാമണ് പ്രതികൾ ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിൽ എത്തി ഒരാഴ്ചയ്ക്കുള്ളിലാണ് ഇവർ കുറ്റകൃത്യം ചെയ്ത് തുടങ്ങിയത്. സ്ഥിരമായി താമസിക്കാൻ ഇവർക്ക് വീടുകൾ ഇല്ല. വഴിവക്കിലും, കടത്തിണ്ണകളിലും ഉറങ്ങി പകൽ രാത്രി വ്യത്യാസം ഇല്ലാതെ ഏതു കുറ്റകൃത്യവും ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് ഇവർ നടത്തി വരുന്നതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.