ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി തന്നത് വലിയ സഹായമാകും. കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് ചില ശക്തികളും മാധ്യമങ്ങളും പ്രചരിപ്പിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ദില്ലിയെത്തിയപ്പോഴാണ് സുരേന്ദ്രൻ്റെ പ്രതികരണം.
ഇരുമുന്നണികളുടെയും വോട്ട് ബാങ്കിൽ ചോർച്ചയുണ്ടായി. സിപിഎം പാർട്ടി ഗ്രാമങ്ങളിലെ വോട്ടുകൾ ബിജെപിക്ക് കിട്ടി. പിണറായി നടത്തിയ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം നൽകിയത് പ്രധാനമന്ത്രിയാണ്. സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ല. അതിൽ തനിക്ക് റോളില്ല. നടപടിക്രമങ്ങൾ എങ്ങനെയെന്ന് മാധ്യമങ്ങൾ മനസിലാക്കണം. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.