അമരാവതി: ആന്ധ്രപ്രദേശിലെ ഭരണമാറ്റം സംസ്ഥാനത്തെ മന്ത്രിസഭയിൽ മാത്രമല്ല, നിയുക്ത മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വളർച്ചയിലും മാറ്റമുണ്ടാക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറിറ്റേജ് ഫുഡ്സ് എന്ന കമ്പനിയുടെ ഉടമസ്ഥത ചന്ദ്രബാബു നായിഡുവിന്റെ കുടുംബമാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് നായിഡുവിന്റെ ടി.ഡി.പി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയത്. ലോക്സഭ ഫലപ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണി കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും അഞ്ചുദിവസം തുടർന്നയായി ഹെറിറ്റേജ് ഫുഡ്സ് കോടികളുടെ ലാഭമാണ് നേടിയത്.
സമീപകാലത്ത് ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികൾക്ക് വൻ നേട്ടമാണുണ്ടായത്. തിങ്കളാഴ്ച മാത്രം ഓഹരികൾ ആറു ശതമാനത്തിലേറെയാണ് ഉയർന്നത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കമ്പനിയുടെ ഓഹരി വിലയിൽ 103.31 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. നായിഡുവിന്റെ സമ്പത്തിൽ 12 ദിവസത്തിനകം 1,225 കോടി രൂപയുടെ വർധനവുണ്ടായെന്നും റിപ്പോർട്ടുണ്ട്.
3000 കോടിയിലേറെയാണ് കമ്പനിയുടെ വരുമാനം. 1992ലാണ് ചന്ദ്രബാബു നായിഡു കമ്പനി സ്ഥാപിച്ചത്. ഗുണനിലവാരമുള്ള പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്ന ഹെറിറ്റേജ് ഫുഡ്സിന് ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ വിപണി സാന്നിധ്യമുണ്ട്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം റീട്ടെയിൽ സ്റ്റോറുകളും ഉണ്ട്. ജൂൺ 12നാണ് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എൻ.ഡി.എ സർക്കാരിൽ നിർണായക സ്വാധീനമുണ്ട് ടി.ഡി.പിക്ക്.