തിരുവനന്തപുരം : ബാര്‍ കോഴയിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കേസെടുത്തില്ലെങ്കില്‍ നിയമസഭയിലും പുറത്തും ശക്തമായ സമരം നടത്തും. കൊള്ള നടത്തിയവര്‍ ആരൊക്കെയെന്നത് പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്ക് പിന്നില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ബാര്‍ ഉടമകളുമുണ്ട്. എല്ലാവരും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പണപ്പിരിവ് നടത്തിയത്. ഇക്കാര്യത്തില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണം. അതിനൊപ്പം ജുഡീഷ്യല്‍ അന്വേഷണവും വേണമെന്നതാണ് പ്രതിപക്ഷ നിലപാട്.
ബാര്‍ കോഴ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന പരാതിയില്‍ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയാറുണ്ടോ? അന്വേഷണം നടത്തിയേ മതിയാകൂ എന്നതാണ് ഞങ്ങളുടെ ആവശ്യം. ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി നല്‍കിയ പരാതിയില്‍, വിജിലന്‍സ് അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. കേസെടുത്തേ മതിയാകൂ.
സംസ്ഥാനത്ത് മദ്യ വില്‍പന കുറഞ്ഞുവെന്ന് മന്ത്രി പറയുന്നതും തെറ്റാണ്. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും വാങ്ങുന്ന മദ്യം കൂടാതെ ബാറുകളില്‍ സെക്കന്റ്‌സ് വില്‍പന നടക്കുന്നതു കൊണ്ടാണിത്. അതുമല്ലെങ്കില്‍ വ്യാപകമായി എം.ഡി.എം.എ ഉള്‍പ്പെടെയുള്ളവ വ്യാപിക്കുന്നുണ്ട്. കേരളം രാജ്യത്തെ ലഹരി തലസ്ഥാനമായി മാറിയിരിക്കുകയാണ്. അല്ലാതെ നിങ്ങളുടെ മദ്യ നയം കൊണ്ടല്ല മദ്യ ഉപഭോഗം കുറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം 130 ബാര്‍ ലൈസന്‍സുകള്‍ നല്‍കിയവരാണ് മദ്യം വ്യാപിക്കില്ലെന്ന് പറയുന്നത്.
മദ്യമെന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനുമുള്ള ശേഷിയുള്ളത് ഇടതുപക്ഷത്തിനാണെന്നും മദ്യവിരുദ്ധ സമിതികളുമായി ചേര്‍ന്ന് മദ്യ വ്യാരപനത്തെ എതിര്‍ക്കുമെന്നുമാണ് 2016-ല്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 900 ആയത്.
ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല. ടേണ്‍ ഓവര്‍ ടാക്‌സ് കൃത്യമായി പിരിക്കുന്നില്ല. രൂക്ഷമായ നികുതി വെട്ടിപ്പാണ് ഈ മേഖലയില്‍ നടക്കുന്നത്. മദ്യ നയം വന്നപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ വ്യത്യസ്തമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അല്ലാതെ നിങ്ങളുടെ പാര്‍ട്ടിയലേതു പോലെ ഒരാള്‍ പറയുന്നത് മാത്രമല്ല അഭിപ്രായം.
ടൂറിസം യോഗം വിളിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ അബ്ക്കാരി പോളിസി റിന്യൂവലില്‍ ടൂറിസം ഡയറക്ടര്‍ക്ക് യോഗം വിളിക്കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന ചോദ്യം ആവര്‍ത്തിക്കുകയാണ്. ഇങ്ങനെ പോയാല്‍ ക്രമസമാധാന പ്രശ്‌നത്തിലും ടൂറിസം വകുപ്പ് യോഗം വിളിക്കുമല്ലോ. ഇനി മന്ത്രി അറിയാതെയാണ് യോഗം വിളിച്ചതെന്നു പറഞ്ഞാല്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ ടൂറിസം മന്ത്രി യോഗ്യനല്ല. മന്ത്രി അറിയാതെ ടൂറിസം ഡയറക്ടര്‍ അബ്ക്കാരി പോളിസി റിന്യൂവലിനെ കുറിച്ച് യോഗം നടത്തില്ല.
പണം നല്‍കിയെന്ന് ഒരു ബാര്‍ ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേസെടുത്തത്. ഇപ്പോഴും ബാര്‍ ഉടമ തന്നെയാണ് സര്‍ക്കാരിന് പണം നല്‍കണമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.