അരീക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് പച്ചക്കൊടി ഉപയോഗിച്ചതിന്റെ പേരിൽ എം.എസ്.എഫ് – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. കെ.എസ്.യു ജില്ല സെക്രട്ടറി മുബഷിറിന്റെ പരാതിയിലാണ് നടപടി.രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വയനാട്ടിൽ എവിടെയും കൊടി ഉപയോഗിക്കേണ്ട എന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതനുസരിച്ച് യു.ഡി.എഫിന്റെ ഭാഗമായ ഒരു മുന്നണികളുടെയും കൊടി ഉപയോഗിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. ഇതിനിടയിലാണ് വണ്ടൂരിൽ നടന്ന തെരഞ്ഞടുപ്പ് പരിപാടിയിൽ പച്ചക്കൊടി ഉപയോഗിച്ചതിന് എം.എസ്.എഫ് പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവം പിന്നീട് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. തുടർന്ന് യു.ഡി.എഫ് നേതൃത്വം ഇടപെട്ട് വിഷയം പരിഹരിച്ചിരുന്നു.
ഇതിനിടെ ജൂൺ നാലിന് രാഹുൽ ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിന് ശേഷം ഇവർ തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. പരാതിക്കാരനായ കെ.എസ്.യു ജില്ല സെക്രട്ടറി മുബഷിറിനെ പത്തംഗ സംഘം അസഭ്യം വിളിച്ച് പട്ടിക കൊണ്ട് മർദിച്ചു എന്നാണ് അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ അരീക്കോട് പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്‍റ് മഷ്ഹൂദിനെതിരെയും കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തത്.
സംഭവത്തിൽ വീണ്ടും യു.ഡി.എഫ് നേതാക്കൾ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തി എങ്കിലും അതിന് കഴിയാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത് എന്നാണ് പുറത്തുവരുന്ന വിവരം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് – കെ.എസ്.യു സഖ്യം വലിയ വിജയമാണ് വർഷങ്ങൾക്ക് ശേഷം നേടിയത്. ഈ വിജയാഹ്ലാദ പ്രകടനം തുടരുന്നതിനിടയിലാണ് ഏറനാട് മണ്ഡലത്തിൽ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഇത് ഇരുകൂട്ടരെയും സംബന്ധിച്ചിടത്തോളം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. തങ്ങൾക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ കെ.എസ്.യുവിനെതിരെ തിരിച്ചും പൊലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് ഏറനാട് മണ്ഡലത്തിലെ എം.എസ്.എഫ് നേതാക്കൾ.