തൃശൂർ: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന പ്രശ്നങ്ങളായ പെൻഷൻ, സപ്ലൈകോ വിതരണം എന്നീ കാര്യങ്ങളിൽ സർക്കാരിന് വീഴ്ചയുണ്ടായത് സംബന്ധിച്ച് പരിശോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.എമ്മിനും സി.പി.ഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ തോല്‍വി നൽകിയത് വലിയ പാഠമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും യുവാക്കളെ നേതൃരംഗത്തേക്ക് കൊണ്ടുവരണമെന്നും ദിവാകരൻ പറഞ്ഞിരുന്നു. സി.പി.ഐയുടെ ജില്ല എക്സിക്യൂട്ടീവ് യോഗങ്ങളിലും തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായി എന്നായിരുന്നു വിലയിരുത്തൽ. ഈ മാസം 16ന് സി.പി.എം സംസ്ഥാന സമിതിയും 28ന് കേന്ദ്രകമ്മിറ്റിയും ചേരുന്നുണ്ട്.