മേലാറ്റൂർ: രണ്ട് ദിവസങ്ങളിലായി നടന്ന മേലാറ്റൂർ, പട്ടിക്കാട് റെയിൽവേ ഗേറ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹനങ്ങൾക്ക് തുറന്നുകൊടുത്തു. ബുധനാഴ്ച പട്ടിക്കാടും വ്യാഴാഴ്ച മേലാറ്റൂരിലുമാണ് ഗേറ്റുകളടച്ച് പ്രവൃത്തി നടന്നത്. മേലാറ്റൂരിൽ രാവിലെ 8.15ന് അടച്ച ഗേറ്റ് രാത്രി ഏഴോടെയാണ് തുറന്നത്. വാഹനഗതാഗതം നിരോധിച്ചതായി റെയിൽവേ അറിയിപ്പുണ്ടായിരുന്നെങ്കിലും ഗേറ്റ് അടച്ചതറിയാതെയെത്തിയ ദീർഘദൂര യാത്രക്കാരും മറ്റും കുടുങ്ങി. മറ്റു പാതകളെ ആശ്രയിച്ചെങ്കിലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താനായില്ല. റോഡും റെയിൽപാളവും സംഗമിക്കുന്ന ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ നീക്കി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നത്. പതിവിന് വിപരീതമായി കട്ടകൾക്ക് പകരം റബറൈസ്ഡ് റെയിൽവേ ക്രോസിങ് പാഡുകളാണ് സ്ഥാപിച്ചത്. പാലക്കാട് ഡിവിഷന് കീഴിൽ ആദ്യമായി നിലമ്പൂർ-ഷൊർണൂർ പാതയിലാണ് ഈ സംവിധാനം നിലവിൽവരുന്നത്. ചെവിക്കൽപടി, വല്ലപ്പുഴ, പട്ടിക്കാട്, മേലാറ്റൂർ ഗേറ്റുകളിലാണ് ഇത് സ്ഥാപിച്ചത്. റബറൈസ് പാഡുകൾ സ്ഥാപിച്ചതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാം.