കൊച്ചി> കുവൈത്തിൽ ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിനെ തടഞ്ഞ കേന്ദ്രസർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നെടുമ്പേശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഒരു മണിക്കൂറിനകം പൊളിറ്റിക്കൽ ക്ലീയറൻസ് കൊടുക്കണമായിരുന്നു. കേന്ദ്ര സർക്കാർ തെറ്റായ സന്ദേശമാണ് നൽകുന്നത്. സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ. ഫോണിൽ ബന്ധപ്പെടുന്നതിനൊക്കെ പരിമിതിയുണ്ടെന്നും സതീശൻ പറഞ്ഞു.
മന്ത്രി വീണാ ജോർജ് വ്യാഴം രാത്രി 9.40നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് കേന്ദ്രസർക്കാർ വിദേശയാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതിയാണ് നിഷേധിച്ചത്. വ്യാഴം രാവിലെ തന്നെ യാത്രയ്ക്കുള്ള അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ രേഖാമൂലം സമീപിച്ചിരുന്നു. എന്നാൽ അവസാന നിമിഷം വരെയും അനുമതി നൽകിയില്ല.
ദുരന്ത പശ്‌ചാത്തലത്തിൽ വ്യാഴാഴ്ച ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ് ആരോഗ്യമന്ത്രിയുടെ കുവൈത്ത് യാത്ര തീരുമാനിച്ചത്. സംസ്ഥാന സർക്കാർ പ്രതിനിധിയായ മന്ത്രിക്കൊപ്പം ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ ജീവൻ ബാബുവും പോകാൻ തീരുമാനിച്ചിരുന്നു.