നെടുമ്പാശേരി > കുവൈത്ത് തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുവാനും അന്ത്യാഞ്ജലി അർപ്പിക്കാനും മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിചേർന്നു. കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നത് അതിനാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് മരണപ്പെട്ടവർക്കുവേണ്ടി ഏകോപിതമായ ശ്രമങ്ങൾ നടത്തണമെന്ന് നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള 23 പേരുടെയും തമിഴ്നാട്ടിൽ നിന്നുള്ള 7 പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹമാണ് നെടുമ്പാശേരിയിൽ നിന്ന് ഏറ്റുവാങ്ങുക.
തീപിടിത്തത്തിലുണ്ടായവരുടെ മരണം കുടുംബങ്ങൾക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അപകടമുണ്ടായപ്പോൾ കുവൈത്ത് സർക്കാരും കേന്ദ്രസർക്കാരും ശരിയായ രീതിയിലാണ് പ്രവർത്തിച്ചതെന്നും ഈ രീതിയിൽ തന്നെ തുടർ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ദുരന്തം ഉണ്ടകാതിരിക്കാനുള്ള കുറ്റമറ്റ നടപടികൾ കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ വേണ്ട നടപടികൾ കുവൈത്ത് സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത്തരം കാര്യങ്ങളിൽ കേന്ദ്രസർക്കാരും കുവൈത്ത് സർക്കാരുമായി ചേർന്ന് ഫലപ്രദമായ ഇടപെടൽനടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാതിരുന്നത് ശരിയായില്ല എന്നും, വിവാദത്തിനുള്ള സമയമല്ലാത്തതിനാൽ അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.