പാലക്കാട്: കുമ്പിടി ആനക്കര റോഡിൽ കാർ നിയന്ത്രണം വിട്ട് ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ചോക്കോട് സ്വദേശിനിക്ക് പരിക്ക്. കുമ്പിടി-ആനക്കര റോഡിൽ പന്നിയൂർ ക്ഷേത്ര റോഡിനു സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ആനക്കര റോഡിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പാഞ്ഞ് കയറിയ കാർ ഷോറൂമിലെ ബൈക്കുകളും സ്ഥാപനത്തിലേക്കെത്തിയ യുവതിയേയും ഇടിച്ച് തെറിപ്പിച്ചു.യുവതിയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ ഓടി മാറിയതിനാൽ ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് സുചന , കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ ഷോറൂമിൽ നിർത്തിയിട്ട പത്തോളം പുതിയ ബൈക്കുകൾ പൂർണ്ണമായി തകർന്നു. 8 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനുതൃത്താല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.












