തിരുവനന്തപുരം: ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിച്ച് സമരം ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. റയില്‍വെ ആക്ടും നിയമങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം പ്രതിദിന വിശ്രമം നിഷേധിക്കുന്നത് നിയമവിരുദ്ധമാണ് എന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും വിധികള്‍ നടപ്പിലാക്കില്ല എന്ന നിലപാടിനെതിരെ ജൂണ്‍ 1 മുതല്‍ ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ സമരത്തിലാണ്.
നിയമാനുസൃതമായി ലഭിക്കേണ്ട വിശ്രമം ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാത്ത അവസരത്തില്‍ പോലും അനുവദിക്കുകയില്ലെന്ന പിടിവാശിയിലാണ് അധികാരികളെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇതുവരെയും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാത്ത സാഹചര്യത്തിലും അനാവശ്യമായി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കി ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അനവധി പേരെ സ്ഥലംമാറ്റുകയും ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്ത് വിശ്രമം അനുവദിക്കാതിരിക്കാനുള്ള ന്യായീകരണം കൃത്രിമമായി സൃഷ്ടിക്കുന്നതും കടുത്ത നിയമനിഷേധവും ജനദ്രോഹവും ആണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
നിയമപരമായ വിശ്രമം അനുവദിച്ച് റെയില്‍വെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും റെയില്‍വെ മേലുദ്യോഗസ്ഥരുടെ നിയമ വിരുദ്ധവും ധിക്കാരപരവുമായ പ്രതികാര നടപടികള്‍ പിന്‍വലിക്കുന്നതിന് റെയില്‍വെ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
			











                