ഇന്ത്യാ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് വെസ്റ്റ് ബംഗാളിൽ കാഴ്ചവെച്ചത്. 42 സീറ്റിൽ 29 സീറ്റുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. 12 സീറ്റാണ് സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ചത്. എന്നാൽ സംസ്ഥാന മന്ത്രിമാരുടെ മണ്ഡലത്തിലുൾപ്പടെ പാർട്ടി സ്ഥാനാർഥികൾ പിന്നിൽ പോയതിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആശങ്കയിലാണ്. നഗരങ്ങളിലെ പല തദ്ദേശ സ്ഥാപന വാർഡുകളിലും പ്രതിപക്ഷ പാർട്ടികളാണ് മുന്നേറിയത്.
കൊൽക്കത്ത
കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെഎംസി) 144 വാർഡുകളിൽ നിന്ന് തൃണമൂലിന് 138 കൗൺസിലർമാരാണുള്ളത്. ബിജെപിക്ക് മൂന്നും ഇടത്-കോൺഗ്രസ് പാർട്ടികൾക്ക് മൂന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ഇവിടെയുള്ള രണ്ട് ലോക്‌സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് തന്നെയാണ് വിജയിച്ചത്. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിലും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയം. തൃണമൂലിൻ്റെ മുഖ്യ എതിരാളികളായിരുന്ന ബിജെപിയാകട്ടെ 48 കെഎംസി വാർഡുകളിൽ ലീഡ് ചെയ്തു. ഇടത്-കോൺഗ്രസ് സഖ്യം മൂന്ന് വാർഡുകളിലാണ് ലീഡ് ചെയ്തത്. തൃണമൂൽ കോൺഗ്രസിന് 93 വാർഡുകളിൽ ലീഡ് ലഭിച്ചെങ്കിലും ബിജെപിയുടെ മുന്നേറ്റത്തിൽ വിജയത്തിളക്കം കുറഞ്ഞു. മമത ബാനർജിയുടെ മണ്ഡലമായ ഭബാനിപൂരിലെ അഞ്ച് വാർഡുകളിൽ ബിജെപി ലീഡ് ചെയതപ്പോൾ മൂന്ന് വാർഡുകളിൽ മാത്രമാണ് തൃണമൂലിന് ലീഡ് നിലനിർത്താനായത്.
കൊൽക്കത്ത ഉത്തർ ലോക്‌സഭാ മണ്ഡലത്തിൽ 92,560 വോട്ടുകൾക്ക് പാർട്ടി വിജയിച്ചെങ്കിലും വ്യവസായ മന്ത്രി ശശി പഞ്ജയുടെ നിയമസഭാ സീറ്റായ ജോറാസങ്കോയിൽ തൃണമൂൽ കോൺഗ്രസ് 7,401 വോട്ടുകൾക്ക് പിന്നിലായി. ഭബാനിപൂർ നിയമസഭാ മണ്ഡലത്തിൽ പോലും, 2021ലെ ഉപതെരഞ്ഞെടുപ്പിൽ മമത നേടിയ 58,835 വോട്ടിൽ നിന്ന് ടിഎംസിയുടെ ലീഡ് 8,297 വോട്ടായി കുറഞ്ഞു.
ബോൾപൂർ, ഗോബർദംഗ, കൃഷ്ണനഗർ, ബാലുർഘട്ട്, റായ്‌ഗുഞ്ച്, ബർധമാൻ, ഇംഗ്ലീഷ് ബസാർ, ജാർഗ്രാം തുടങ്ങി നിരവധി മുനിസിപ്പാലിറ്റികളിലും ബിജെപി മുന്നിലാണെന്ന് തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.