ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്രസർക്കാർ. കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രണ്ടിടത്തു ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല. എന്നാൽ പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ)യിൽ അഴിച്ചുപണി ഉണ്ടായേക്കുമെന്ന സൂചന മന്ത്രി നൽകി.
“സുപ്രീംകോടതി നിർദേശിച്ചതു പ്രകാരം 1563 പേർക്ക് പുനഃപരീക്ഷ നടത്താൻ ഉത്തരവു നൽകിയിട്ടുണ്ട്. രണ്ടിടത്ത് ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിഷയം വളരെ ഗൗരവത്തോടെ സർക്കാർ നോക്കിക്കാണുന്നുണ്ട്. കുറ്റം ചെയ്തത് എൻ.ടി.എയിലെ ഉന്നത ഉദ്യോഗസ്ഥർ ആണെങ്കിൽ പോലും വെറുതെ വിടില്ല. എൻ.ടി.എയിൽ അഴിച്ചുപണികൾ വേണമോ എന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. കുറ്റം ചെയ്തവർക്ക് ഏറ്റവും ഉയർന്ന ശിക്ഷതന്നെ ലഭിക്കും” -ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി വിദ്യാർഥി സംഘടനകൾ പ്രതിഷേധിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതിന് തെളിവ് കിട്ടിയതായി ബിഹാർ പൊലീസ് സൂചന നൽകുന്നുണ്ട്.