കൊച്ചി: വിമാനത്താവളത്തിലെ പ്ലസ് മാക്സ് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. ലൂക്ക് ജോർജിനെയാണ് കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രാജ്യന്താര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം അടക്കമുള്ള ഉത്പന്നങ്ങൾ പുറത്തേക്ക് കടത്തിയെന്നാണ് കേസ്.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പുകളിൽ നിന്നും യാത്രക്കാർക്ക് നികുതിയില്ലാതെ മദ്യം വിൽക്കാം. തിരുവനന്തപുത്ത് ഇങ്ങനെ മദ്യവിൽപനയ്ക്ക് കരാർ എടുത്ത പ്ലസ് മാക്സ് എന്ന കമ്പനി മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സംഭവത്തിൽ കരാർ കമ്പനിയുമായി ഒത്തുകളിച്ചത് കസ്റ്റംസ് സൂപ്രണ്ടായ ലൂക്ക് ജോർജാണെന്ന വിവരം പുറത്തു വന്നിരുന്നു.
2017 ലാണ് കേസെടുത്തതെങ്കിലും ലൂക് സർവീസിൽ തുടരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒൻപത് തവണ കസ്റ്റംസ് പ്രിവൻ്റീവ് ചോദ്യം ചെയ്യലിന് സമൻസ് നൽകിയെങ്കിലും ഹാജരായില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇയാൾ എത്തിയെന്നറിഞ്ഞ പ്രിവൻ്റീവ് വിഭാഗം ലൂക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.