കോഴിക്കോട്: ലോകത്താകമാനം വംശീയതയും അപരവിദ്വേഷവും വ്യാപിപ്പിക്കുന്ന ശക്തികൾക്കെതിരെ ഏക മാനവികതയെ ഉയർത്തിപ്പിടിച്ച് പൊരുതാനുള്ള ആഹ്വാനമാണ് ബലി പെരുന്നാൾ നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. ജനങ്ങളുടെ മതബോധത്തെ ആധ്യാത്മിക, രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്യുന്ന മതപൗരോഹിത്യത്തിനെതിരെയും നിലപാടെടുത്ത ഇബ്രാഹീം നബിയുടെ ജീവിതം വിമോചന മുന്നേറ്റങ്ങൾക്ക് മാതൃകയാണെന്നും മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. എല്ലാവർക്കും ഈദാശംസകൾ നേർന്ന അമീർ ലോകത്തെല്ലായിടത്തും പ്രയാസപ്പെടുന്ന സമൂഹങ്ങൾക്ക് വേണ്ടി ബലിപെരുന്നാളിൽ പ്രാർഥിക്കാനും നിർദേശിച്ചു.
മാനവ ഐക്യത്തിന്റെ ആഘോഷം- സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: ഏറെ ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന മാനവ ഐക്യത്തിന്റെ ആഘോഷമാണ് ബലിപെരുന്നാളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും പരമമായ വിജയതീരത്തേക്ക് അടുക്കാനുള്ള വിശുദ്ധ ദിനങ്ങള്‍ സ്നേഹക്കൈമാറ്റത്തിലൂടെയും അപരസാന്ത്വനത്തിലൂടെയും ധന്യമാക്കണം.
ഫലസ്തീനികളുടെ മോചനത്തിനും മാനവ സമൂഹത്തിന്റെ നന്മക്കും കൂടി പ്രാർഥനകളില്‍ ഇടം നല്‍കണം. കുവൈത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തില്‍ ജീവനും സ്വത്തും ആരോഗ്യവും നഷ്ടപ്പെട്ടവരോട് ഐക്യപ്പെടലും സന്തോഷവേളയെ ആര്‍ദ്രമാക്കുമെന്നും സന്ദേശത്തിൽ പറഞ്ഞു.
മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തം- കാന്തപുരം
കോഴിക്കോട്: പൂർണമായി സ്രഷ്ടാവിന് വിധേയപ്പെടുന്നതിന്റെയും പരീക്ഷണങ്ങൾ അതിജയിക്കുന്നതിന്റെയുമെല്ലാം മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തമാണ് ബലിപെരുന്നാളെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാൾ ഫലപ്രദമാവാൻ ഏവരും ഉത്സാഹിക്കണം. ആഘോഷവേളകൾ നന്മയിൽ ഉപയോഗപ്പെടുത്താനും അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിൽക്കാനും മുന്നോട്ടുവരണമെന്നും സന്ദേശത്തിൽ പറഞ്ഞു.
സഹനവും വിവേകവും കാണിക്കണം- കെ.എൻ.എം
കോഴിക്കോട്: ജീവിക്കുന്ന നാട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കാൻ പരമാവധി സഹനവും വിവേകവും കാണിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.സമൂഹത്തിൽ നിരാശ പടർത്തി മുസ്ലിംകളെ നിഷ്ക്രിയരാക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം. വർഗീയതയും തീവ്രചിന്തകളും ഒരുപോലെ അപകടമാണ്. ഇസ്രായേലിന്റെ കൊടും ക്രൂരതകൾക്ക് ഇരയാവുന്ന ഫലസ്തീൻ ജനതക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശം- വിസ്ഡം
കോഴിക്കോട്: സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും ഈദ് ദിനത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിശ്വമാനവികതയുടെ സന്ദേശം- കെ.എൻ.എം മർകസുദ്ദഅവ
കോഴിക്കോട്: ഈദുൽ അദ്ഹ ആഘോഷിക്കുന്ന മുഴുവൻ വിശ്വാസികൾക്കും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടിയും ജന.സെകട്ടറി സി.പി. ഉമർ സുല്ലമിയും ഈദ് ആശംസകൾ നേർന്നു. സ്നേഹവും സൗഹാർദവും സഹവർത്തിത്വവും തകർക്കാൻ വിശ്വാസികൾക്കിടയിൽ വിദ്വേഷത്തിന്റെ വിഷം വിതക്കുന്ന വർഗീയ ശക്തികൾക്കെതിരെ വിശ്വമാനവികതയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്നും സന്ദേശത്തിൽ പറഞ്ഞു.