തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഥിരനിയമനം കുറച്ചും കരാർ നിയമനം വ്യാപകമാക്കിയുമുള്ള നയത്തിനാണ് കേന്ദ്ര സർക്കാർ പ്രോത്സാഹനം നൽകുന്നത്. പല സംസ്ഥാനങ്ങളും ഇത് പിന്തുടരുന്നു. പരിമിതികൾക്കിടയിലും കേരളം വിഭിന്നമായ നിലപാടാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സാധ്യതകളെല്ലാം കേന്ദ്രസർക്കാർ അടയ്‌ക്കുകയാണ്. ജിഎസ്‌ടി നഷ്ടപരിഹാര പദ്ധതി ജൂണിൽ അവസാനിക്കും. കേന്ദ്ര നികുതി വിഹിതത്തിലെ കുറവ് പരിഹരിക്കാൻ കേന്ദ്ര ധനകമീഷൻ അനുവദിച്ച പ്രത്യേക ഒറ്റത്തവണ സഹായം രണ്ടുവർഷത്തിൽ തീരും. കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ വലിയ പുരോഗതി പ്രതീക്ഷിക്കാനില്ല. കടമെടുപ്പ് പരിധി ഉപാധിരഹിതമായി അഞ്ചുശതമാനം ആക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണന്നും ധനമന്ത്രി പറഞ്ഞു.