കോഴിക്കോട് :കോട്ടക്കൽ ആയൂർവേദ പഠന ഗവേഷണ സൊസൈറ്റിയിലെ ‘ധന്വന്തരി’ യിലെ താൽക്കാലിക ജീവനക്കാർക്ക് നൽകിയ 5,76,750 രൂപ ബന്ധപ്പെട്ട ജീവനക്കാരിൽനിന്നും തിരിച്ചുപിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ ആയുഷ് വകുപ്പ് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. എക്സിക്യുട്ടീവ് കമ്മിറ്റിയുടേയോ ഗവേണിങ്ങ് ബോഡിയുടേയോ അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെ ഇൻസന്റീവ് എന്ന പേരിൽ തുക അനുവദിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തുക അനുവദിച്ച മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ശ്രീകൃഷ്ണന്റെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ.
വി.പി.എസ്.വി ആയുർവേദ കോളജിലെ അധ്യാപകനായിരുന്ന ഡോ. പ്രകാശ് മംഗലശ്ശേരിയുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ധന്വന്തരി ഭവൻ ഫണ്ടിൽ നിന്നും എക്‌സ് ഗ്രേഷ്യാ എന്ന പേരിൽ നൽകിയ ഒരു ലക്ഷം രൂപ ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കി സൊസൈറ്റി (കെ.എ.എസ്.ആർ.എസ്) ഫണ്ടിലേക്ക് അടക്കണം. ഇതിനു സാധിക്കാത്ത പക്ഷം മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തുക അനുവദിച്ചത് കെ. ശ്രീകൃഷ്ണന്റെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി നടപടികൾ ആയുഷ് വകുപ്പ് സ്വീകരിക്കണമെന്നാണ് ശിപാർശ.
ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ച ശേഷം തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയുടെ ടി.എ ഇനത്തിൽ സർക്കാരന്റെ കെ.എ.എസ്.ആർ.എസിന്റെയോ അനുമതിയില്ലാതെ ധന്വന്തരി ഫണ്ടിൽ നിന്നും മാറിയെടുത്ത തുകയായ 26,595 രൂപ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കെ. ശ്രീകൃഷ്ണനിൽ നിന്നും ഈടാക്കി സൊസൈറ്റി ഫണ്ടിലേക്ക് അടക്കുന്നതിനുള്ള നടപടികൾ ആയുഷ് വകുപ്പ് സ്വീകരിക്കണം.
ഈ ക്രമക്കേടുകൾ നടത്തിയതിനുത്തരവാദിയായ കെ.എ.എസ്.ആർ.എസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയിൽ നിയമിതനായതും പിന്നീട് സ്ഥാപനത്തിന്റെ സി.ഇ.ഒ യുടെ ചുമതല വഹിക്കുകയും ചെയ്ത പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന കെ. ശ്രീകൃഷ്ണനെതിരെ ഭരണ വകുപ്പ് ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.
സർക്കാർ അനുവദിച്ച പദ്ധതി ഫണ്ട് വിനിയോഗിച്ച് നിർമിച്ച ‘ധന്വന്തരി ഭവൻ’ കെട്ടിടത്തിൽ, കെ.എ.എസ്.ആർ.എസ് ഗവേണിങ് ബോഡിയുടേയോ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയോ വ്യക്തമായ തീരുമാനമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സി.ഐ.എം.സി.ഡി എന്ന സ്ഥാപനത്തിന്റെ തുടർ പ്രവർത്തനാനുമതി സംബന്ധിച്ച് സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളുന്നതിനുള്ള നടപടികൾ ആയുഷ് വകുപ്പ് സ്വീകരിക്കണെന്നും റിപ്പോട്ടിൽ ആവശ്യപ്പെട്ടു.
ആയുഷ് വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനത്തിൽ, സർക്കാർ ശമ്പളം നൽകുന്ന അധ്യാപകരെയും മറ്റു ഭൗതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തി നടത്തുന്ന ഏതൊരു പ്രവർത്തനത്തിനും സർക്കാറിൽ നിന്നുള്ള അനുമതി ലഭ്യാമക്കുന്നതിന് കെ.എ.എസ്.ആർ.എസ് ഭരണസമിതിക്ക് ആയുഷ് വകുപ്പ് നിർദേശം നൽകണമെന്നാണ് ശിപാർശ.