കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.
തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ വൈകീട്ടാണ് നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിൽ കാർ കത്തി ഒരാൾ മരിച്ചത്. ദേശീയപാതയുടെ മധ്യത്തിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്.
കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറാണെന്ന് ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു. തുടക്കത്തിൽ സ്ത്രീയാണ് മരിച്ചതെന്ന തരത്തിലാണ് സംശയം ഉയർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിഗണിച്ചാണ് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കത്തിനശിക്കും മുമ്പ് കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. പിന്നാലെ കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഉടൻ തന്നെ ശേഖരിച്ചിരുന്നു.