സ്ത്രീകളെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ അവർ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ പോഷകങ്ങൾ എല്ലാ ഘട്ടത്തിലും ശരീരത്തിന് നൽകേണ്ടത് വളരെ പ്രധാനമാണ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഹോർമോണുകളെ സന്തുലിതമാക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ന്യൂട്രിയൻ്റ്സ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു, . ഭക്ഷണ ശീലങ്ങൾ മാറ്റുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ശരിയായ പോഷകാഹാരം ശാരീരിക ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, മാനസിക ക്ഷേമം, ഊർജ്ജ നില എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 40 കഴിഞ്ഞ സ്ത്രീകൾക്ക് ലഭിക്കേണ്ട ചില പ്രധാനപ്പെട്ട പോഷകങ്ങൾ…
കാത്സ്യം
40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് എല്ലുകളും പല്ലുകളും ശക്തമാക്കാൻ ആവശ്യമായ പോഷകമാണ് കാൽസ്യം. പ്രായത്തിനനുസരിച്ച് അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം പ്രധാനമാണ്.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മഗ്നീഷ്യം
പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും.
ഒമേഗ-3 ഫാറ്റി ആസിഡുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അവ വീക്കം കുറയ്ക്കുന്നു, തലച്ചോറിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ഒമേഗ-3 ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകൾ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ ഫാറ്റി ഫിഷ് കഴിക്കണം അല്ലെങ്കിൽ EPA, DHA എന്നിവ അടങ്ങിയ സപ്ലിമെൻ്റുകൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ബി 12
ചുവന്ന രക്താണുക്കളുടെ രൂപീകരണം, ന്യൂറോളജിക്കൽ പ്രവർത്തനം, ഡിഎൻഎ സിന്തസിസ് എന്നിവയ്ക്ക് വിറ്റാമിൻ ബി 12 അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ B 12 ൻ്റെ കുറവ് ക്ഷീണം, വിളർച്ച എന്നിവയ്ക്ക് ഇടയാക്കും. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, മാംസം, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
ഇരുമ്പ്
രക്തത്തിൽ ഓക്സിജൻ എത്തിക്കുന്നതിനും അനീമിയ തടയുന്നതിനും ഇരുമ്പ് ആവശ്യമാണ്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് മുമ്പുള്ളവർ, ക്ഷീണവും ബലഹീനതയും ഒഴിവാക്കാൻ മതിയായ ഇരുമ്പിൻ്റെ അളവ് നിലനിർത്തേണ്ടതുണ്ട്. ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഫെെബർ
ദഹനസംബന്ധമായ ആരോഗ്യത്തിന് നാരുകൾ അത്യന്താപേക്ഷിതമാണ്. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില ക്യാൻസറുകൾ എന്നിവ തടയാൻ സഹായിക്കും.