തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും സർക്കാർ വിരുദ്ധ വികാരവും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് സി.പി.ഐ തൃശ്ശൂർ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം. മണ്ഡലത്തിലെ തോൽവിക്ക് കരുവന്നൂർ ബാങ്ക് തട്ടിപ്പും എം.കെ. കണ്ണന് തെരഞ്ഞെടുപ്പ് ചുമതല നൽകിയതും കാരണമായി. പിഴവുകൾ തിരുത്തി മുന്നോട്ടു പോകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നേരത്തെ തിരുവനന്തപുരം ജില്ലാ കൗൺസിലിലും സമാന വിമർശനമുയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ജനങ്ങളിൽ എതിർപ്പ് ഉണ്ടാക്കിയെന്ന് എക്സിക്യുട്ടീവ് അംഗങ്ങൾ പറഞ്ഞു. എസ്.എഫ്.ഐയുടെ ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയവും തിരിച്ചടിയായി. എം.കെ. കണ്ണന് തെരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന ആവശ്യം സി.പി.എം നിരസിച്ചു. ബി.ജെ.പി വോട്ടുകൾ ചേർത്തത് കണ്ടെത്താനാവാത്തത് വീഴ്ചയായെന്നും യോഗത്തിൽ ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരത്തേതു പോലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർന്നില്ലെങ്കിലും പിഴവുകൾ തിരുത്തി മുന്നോട്ടു പോകണമെന്നാണ് എക്സിക്യുട്ടീവ് വിലയിരുത്തിയത്.