കൊച്ചി: സി.എം.ആര്‍.എല്‍ – എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഹൈകോടതിയുടെ നോട്ടീസ്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതോടെയാണ് മാത്യു കുഴൽനാടൻ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബുവാണ് സി.എം.ആർഎൽ, എക്സാലോജിക് അടക്കമുള്ള എല്ലാ എതിർ കക്ഷികൾക്കും നോട്ടീസ് അയച്ചത്.
കുഴല്‍നാടന്‍റെ ഹരജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ഇവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നുമായിരുന്നു ഹരജി തള്ളിയ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞു. വിജിലന്‍സ് കോടതിയുടെ നിരീക്ഷണം പുനഃപരിശോധിക്കാൻ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്.
സി.എം.ആർ.എല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാണ് കുഴൽനാടൻ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഈ വിഷയത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണവും ഇ.ഡി അന്വേഷണവും നടക്കുന്നുണ്ട്. ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും ഫയൽ ചെയ്ത ഹരജികളും ഹൈകോടതിയിലുണ്ട്.