തിരുവനന്തപുരം: എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് കേരളഘടകം. ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് രജിസ്റ്റർ ചെയ്യും. സംസ്ഥാനത്ത് പാർട്ടി ഇടതു പക്ഷത്തിനൊപ്പം നിൽക്കുമെന്നും മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു.
പാര്‍ട്ടി നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായതോടെയാണ് കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പാർട്ടി ദേശീയ നേതൃത്വത്തിൽനിന്ന് തെറ്റിപ്പിരിയാൻ തീരുമാനിച്ചത്. ഒരേസമയം ബിജെപി സര്‍ക്കാരിലും കേരളത്തില്‍ ഇടതുസര്‍ക്കാരിലും ജെ.ഡി.എസ് അംഗമായിരിക്കുന്നതിനെ കോണ്‍ഗ്രസും ആർ.ജെ.ഡിയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് ദേശീയ നേതൃത്വം എൻ.ഡി.എയുടെ ഘടകകക്ഷിയായത്. തുടർന്ന് ജെ.ഡി.എസ് ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം അന്ത്യശാസനം നല്‍കിയിരുന്നു.