കൊച്ചി: നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം ആകുമ്പോൾ ഇപ്പോഴും നീതി കിട്ടാതെ അതിജീവിത. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും സങ്കീർണ്ണമാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധിയും ഇന്ന് അവസാനിക്കും. സിനിമ ലോകവും കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്‍റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്.
203 മത്തെ സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് കോടതി നടപടികളിൽ എതിർപ്പുയർത്തി രണ്ടാമത്തെ സെപ്ഷ്യൽ പ്രോസിക്യൂട്ടറും രാജി വെച്ചത്. ഇതിനിടെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസിലെ സങ്കീർണ്ണതകൾ കൂട്ടി പുതിയ വെളിപ്പെടുത്തൽ നടത്തുന്നതും കേസിൽ തുടർ അന്വേഷണം ഉണ്ടാകുന്നതും.
അധികമായി വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയ 5 സാക്ഷികളുടെ വിസ്താരം മാത്രമായിരുന്നു ഇനി നടക്കേണ്ടത്.എന്നാൽ പുതിയ വെളിപ്പെടുത്തലിൽ തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തിവെക്കണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വെളിപ്പെടുത്തൽ ആയുധമാക്കി ദിലീപിനും കൂട്ടാളികൾക്കുമെതിരെ ഉദ്യോഗദസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ക്രൈം ബ്രാഞ്ച് എടുത്ത കേസ് പ്രതികളെ നടി കേസിൽ കൂടുതൽ കരുക്കിലാകുമെന്ന് ഏവരും കരുതി. എന്നാൽ തെളിവ് എവിടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുന്നിൽ കാര്യമായ ഉത്തരമില്ലാതെ അന്വേഷണ സംഘം വിയർത്തു. തുടർ അന്വേഷണം തന്നെ ചോദ്യം ചെയ്ത് നിലവിൽ ദിലീപ് നിലവിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ കോടതി സ്വീകരിക്കുന്ന നിലപാട് നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയിലും ഏറെ നിർണ്ണായകമാകും.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.”ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് “. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. ”ബാലചന്ദ്രകുമാറും നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസും ചേർന്ന് കെട്ടിച്ചമച്ചതാണ് വധഗൂഡാലോചനക്കേസ്. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരാതി ഉണ്ടാക്കിയതും കേസ് എടുത്തതും. ഡിജിപി ബി.സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് തനിക്കെതിരായ ഗൂഡാലോചന” എന്നിവയാണ് ദിലീപ് ഉയർത്തുന്ന ആരോപണങ്ങൾ. ബാലചന്ദ്രകുമാറും എഡിജിപി ശ്രീജിത്തും തമ്മിൽ നേരത്തെ തന്നെ അടുപ്പമുണ്ടെന്ന് സ്ഥാപിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ദിലീപ് ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. 2019 ൽ എഡിജിപി എസ് ശ്രീജിത്തിന്‍റെ ബന്ധുവിന് സിനിമയിൽ പാട്ട് പാടാൻ അവസരം തേടി ബാല ചന്ദ്രകുമാർ ദിലീപിന്‍റെ സുഹൃത്തിന് അയച്ച വാട്സ് ആപ് ചാറ്റുകളാണ് ഹാജരാക്കിയത്. ഈ ഉദ്യോഗസ്ഥനാണ് തനിക്കെതിരായ പരാതി നടി കേസിലെ ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നത്.
തനിക്കെതിരെ ക്രൈംബ്രാഞ്ച് നേരിട്ട് കേസ് റജിസ്റ്റർ ചെയ്തത് നിയമ ലംഘനമാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരാതിക്കാരായ കേസ് അവർ തന്നെ അന്വേഷിക്കുന്നതിലും ദുരൂഹതയുണ്ട്. പക്ഷപാതപരവും സത്യസന്ധമല്ലാത്തതുമായ അന്വേഷണമാണ് കേസിൽ നടക്കുന്നത്. അതിനാൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കാൻ തടസമുണ്ടെങ്കിൽ അന്വേഷണം കേരള പൊലീസിന് പുറത്തുള്ള ഏജൻസിക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസിൽ ദിലീപും സഹോദരൻ അനൂപും സഹോദരീഭർത്താവ് സുരാജും അടക്കം അഞ്ച് പ്രതികൾക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.