അഹ്മദാബാദ്: ഗുജറാത്തിലെ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ഗുജറാത്തിലെ ജയിലിൽ നിന്ന് വിഡിയോ കോൾ ചെയ്യുന്നതിന്റെയെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിലെ മാഫിയ തലവൻ ഷഹ്സാദ് ഭട്ടിയുമായി സംസാരിച്ച് ബക്രീദ് ആശംസ അറിയിക്കുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. എന്നാൽ വീഡിയോ വ്യാജമാമെന്ന് സബർമതി ജയിൽ അധികൃതർ അവകാശപ്പെട്ടു.ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീദിയയാണ് ലോറൻസ് ബിഷ്ണോയുടെ വീഡിയോ എക്സിൽ പങ്കുവെച്ചത്. എന്നാൽ ഇതിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.
ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെയും മുബൈയിലെ സൽമാൻ ഖാന്റെ വസതിയിലെ വെടിവെപ്പിന്റെയും മുഖ്യസൂത്രധാരനായ ലോറൻസ് ബിഷ്ണോയ് ഇപ്പോൾ അതീവ സുരക്ഷയുള്ള ഗുജറാത്തിലെ സബർമതി ജയിലിലാണ് കഴിയുന്നത്. ജയിലിനുള്ളിൽ നിന്നു പോലും സുഗമമായി പ്രവർത്തിക്കാൻ ലോറൻസ് ബിഷ്ണോയിക്ക് സാധിക്കുമെന്നതിനുള്ള തെളിവാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയെന്ന് ബിക്രം സിങ് മജീദിയ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.
എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സബര്‍മതി ജെയിലില്‍ നിന്നുള്ളതല്ലെന്ന് ജയില്‍ മേധാവി വിശദീകരിച്ചു. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ ദൃശ്യങ്ങളാണ ഇവയെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. ലോറന്‍സ് ബിഷ്ണോയിയെ പാർപ്പിച്ചിരിക്കുന്നത് സബർമതി ജയിലിലെ അതീവ സുരക്ഷാ മേഖലയിൽ ആണെന്നും ഇവിടെ ഫോണുകള്‍ ഉപയോഗിക്കാനാവില്ലെന്നും ജയിൽ മേധാവി വിശദീകരിച്ചു.