തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും. സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമര്‍ശിച്ച് അംഗങ്ങൾ. ഭരണവിരുദ്ധ തരംഗം തിരിച്ചടിയായെന്നും നവകേരള സദസ് ഗുണം ചെയ്തില്ലെന്നുമാണ് യോഗത്തിലെ പൊതുവായ വിലയിരുത്തല്‍. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലിയിലും സർക്കാരിന്‍റെ പ്രവർത്തനത്തിലും പാർട്ടിയുടെ നയസമീപനങ്ങളിലും ഉണ്ടായ പാളിച്ചകളിൽ ഊന്നിയായിരുന്നു സംസ്ഥാന സമിതിയിൽ പ്രതിനിധികൾ സംസാരിച്ചത്. ഭരണ വിരുദ്ധ വികാരം അല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തോൽവിയുടെ കാരണങ്ങളിൽ ഒന്ന് ജനങ്ങൾക്ക് സർക്കാരിനോടുള്ള വിരോധം ആണെന്ന് ചില അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു.
സിപിഐയിൽ ഉയർന്നതുപോലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമർശനമുണ്ടായി. കനത്ത തോൽവി കാരണം ഭരണ വിരുദ്ധ വികാരം ആണെന്ന വിമർശനമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. നവ കേരള സദസ്സ് വേണ്ടത്ര ഗുണം ചെയ്തില്ല എന്നാണ് എംവി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. സംസ്ഥാന കമ്മിറ്റി നാളെ അവസാനിക്കും. അതിനുശേഷം ആയിരിക്കും തെറ്റുതിരുത്തൽ രേഖ പാർട്ടി തയ്യാറാക്കുക. സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം കേന്ദ്രസർക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ചില നേതാക്കന്മാർക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചർച്ചയായി. നേതാക്കന്മാരുടെ പേര് പറയാതെയായിരുന്നു പരാമർശം.