കോഴിക്കോട് : അട്ടപ്പാടി താലൂക്ക് ഓഫീസിൽ എ.ജിയുടെ (അക്കൗണ്ട് ജനറൽ) പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. എ.ജി നടത്തിയ പരിശോധന പ്രകാരം അഞ്ച് ടി.ആർ-5 രസീത് പുസ്തകങ്ങൾ ഉള്ളതായി കണ്ടെത്തി. ഇ- രസീതുകൾ ഉപയോഗിച്ചു തുടങ്ങിയതിനാൽ പഴയ രസീതുകൾ തിരിച്ചേൽപ്പിക്കണെന്ന നിർദേശം നൽകിയിരുന്നു. എന്നാൽ, അട്ടപ്പാടി താലൂക്ക് ഓഫിസിൽനിന്ന് ടി.ആർ.5 പഴയ രസീത് പുസ്തകം തിരിച്ചേൽപ്പിച്ചില്ല.
ഈ പഴയ രസീത് പുസ്കത്തിൽ ഒരെണ്ണം 2022 മാച്ച് 31 വരെ ഭാഗീകമായി ഉപയോഗിച്ചതായും എ.ജിയുടെ പരിശോധനയിൽ കണ്ടത്തി. രസീത് ബുക്കിലെ 19 ലീഫുകൾ ഉപയോഗിച്ചിട്ടുളളതെന്നും കണ്ടെത്തി. അതോടൊപ്പം അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ആറു വില്ലേജുകളിലായി 2020-2021, 2021-2022, 2022- 2023 വർഷങ്ങളിലായി ആകെ 1242 രസീതുകൾ റദ്ദാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി. അതിൽ 18,32,342 രൂപ ഉൾപ്പെട്ടുവെന്നും അക്കൗണ്ടന്റ് ജനറലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കാര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി വിശദമായ റിപ്പോർട്ട് നൽകുന്നതിന് ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ഇൻസ്പെക്ഷൻ വിങിനെ ചുമതലപ്പെടുത്തിയെന്നും കെ.ബാബുവിന് മന്ത്രി രേഖാമൂലം മറുപടി നൽകി.