തിരുവനന്തപുരം: ഹജ്ജ് തീർഥാടകര്‍ സൗദി അറേബ്യയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവര്‍ക്കും ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യക്കും മന്ത്രി കത്തയച്ചു.
കേരളത്തില്‍ നിന്ന് 18,200 തീർഥാടകരാണ് സൗദിയില്‍ എത്തിയത്. അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും, കേരള സര്‍ക്കാരും നല്ലനിലയില്‍ നിര്‍വഹിച്ചതാണ്. എന്നാല്‍ സൗദിയില്‍ ഹാജിമാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഹാജിമാരുടെ ചുമതല നോക്കുന്ന വിവിധ മുത്തവിഫുമാരുടെ (സൗദി ഗവണ്‍മെന്റ് നിയോഗിക്കുന്ന ഏജന്‍സിയുടെ പ്രതിനിധി) പ്രവര്‍ത്തനങ്ങളിലെ അനാസ്ഥ മൂലം ഒട്ടേറെ പരാതികളാണ് ലഭിച്ചത്.
ജിദ്ദ എയര്‍പ്പോര്‍ട്ടില്‍ നിന്നു ഹാജിമാര്‍ക്ക് 30 കിലോ മീറ്റര്‍ അകലെയുള്ള താമസസ്ഥലമായ അസീസിയിലേക്ക് പോകാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. അസീസിയയിലെത്തിയ ഹാജിമാര്‍ക്ക് മോശം താമസ സൗകര്യമാണ് ലഭിച്ചത്, ഒരേ വിമാനത്തില്‍ എത്തിയവരെ വ്യത്യസ്ത ഇടങ്ങളിലായി താമസിപ്പിച്ചു തുടങ്ങിയ പരാതികളുണ്ട്. ഹജ്ജിന്റെ പ്രധാന കർമങ്ങള്‍ നിര്‍വഹിക്കാന്‍ മിനായിലേക്കു തിരിച്ച ഹാജിമാര്‍ക്ക് 15 മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വാഹനം ലഭ്യമായത്. മിനായില്‍ എത്തിയ നിരവധി പേര്‍ക്ക് കിടക്കാന്‍ ടെന്റോ മറ്റു പാര്‍പ്പിട സൗകര്യങ്ങളോ ലഭ്യമായില്ല. ഭക്ഷണമോ വെള്ളമോ നല്‍കിയില്ല.
അറഫയിലേക്ക് പോകാന്‍ റോഡരികില്‍ 17 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി. പലരും വളരെ വൈകിയാണ് കല്ലെറിയല്‍ ചടങ്ങിന് എത്തിച്ചേര്‍ന്നത്. ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതി വ്യാപകമാണ്. അടുത്ത വര്‍ഷം മുതല്‍ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സൗദി സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.