കൊടുമൺ: മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് ഭൂമിയിൽ ആണെന്ന് ആരോപിച്ചാണ് അളക്കാൻ ശ്രമിച്ചത്. ഇത് ജോർജ് ജോസഫും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തിനും തള്ളിനും ഇടയാക്കി. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
റോഡ് പുറമ്പോക്കും വീതിയും അളക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ബുധനാഴ്ച കൊടുമണ്ണിൽ എത്തിയിരുന്നു. വിവരം അറിഞ്ഞ് ജോർജ് ജോസഫും സ്ഥലത്തെത്തി. കൊടുമണ്ണിൽ തന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ റോഡിന്‍റെ വീതി ജോർജ് ജോസഫ് തന്നെ അളക്കാൻ തുടങ്ങി. അളന്നശേഷം തന്‍റെ സ്ഥലത്ത് പുറമ്പോക്ക് ഇല്ലെന്ന് ജോർജ് സ്വയം പ്രഖ്യാപിച്ചു. ഉടൻ കൂടെയുണ്ടായിരുന്നവരെ കൂട്ടി സമീപത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അളക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളും നടന്നു.
ഏറെ സമയം ഇരുപക്ഷവും തമ്മിൽ വാക്കേറ്റവുമുണ്ടായി. ജോർജ് ജോസഫ് പുറമ്പോക്ക് കൈയേറിയാണ് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്കിലാെണന്ന് കാണിച്ച് ജോർജ് ജോസഫും കലക്ടർക്ക് പരാതി നൽകിയിരുന്നു. ഏഴംകുളം – കൈപ്പട്ടൂർ റോഡ് വികസനവുമായി ബന്ധെപ്പട്ട് ജോർജ് ജോസഫിന്‍റെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ ഓടയുടെ അലൈൻമെന്‍റ് മാറ്റാൻ ശ്രമിച്ചതോടെയാണ് അടുത്തിടെ ഇരുപക്ഷവും തമ്മിൽ തർക്കം തുടങ്ങിയത്.
ഓട വളച്ച് പണിയാൻ അനുവദിക്കില്ലെന്നുപറഞ്ഞ് ആദ്യം കോൺഗ്രസും പിന്നീട് ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ജോർജ് ജോസഫിന് അനുകൂല നിലപാടെടുത്തു. എന്നാൽ, സി.പി.എം ഏരിയ, ലോക്കൽ കമ്മിറ്റികളും സി.പി.എം പഞ്ചായത്ത് പ്രസിഡന്‍റും അലൈൻമെന്‍റ് മാറ്റിയതിനെ എതിർത്തു. സി.പി.ഐ ലോക്കൽ കമ്മിറ്റിയും എതിർപ്പ് അറിയിച്ചു. ഓട നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.