തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എണ്ണിയെണ്ണി അതിരൂക്ഷ വിമർശനം. വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമര്‍ശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയർക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമര്‍ശനം ഉയര്‍ന്നു. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയിൽ നിര്‍ദേശങ്ങൾ വന്നു.
കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെ്, ശൈലജയെ ഒതുക്കാനാണ് വടകരയിൽ മത്സരിപ്പിച്ചത് എന്നടക്കമുള്ള പരോക്ഷ പരാമർശവും സമിതിയിൽ ഉയര്‍ന്നു. എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജന് നേരെയും വിമർശനം ഉയര്‍ന്നു. ദല്ലാൾ ബന്ധം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു വിമര്‍ശനം. മേയര്‍- സച്ചിൻദേവ് വിവാദത്തിൽ കടുത്ത വിമര്‍ശനമാണ് സമിതിയിൽ ഉയര്‍ന്നത്. വിവാദം പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി ഇതിനെ പിന്തുണക്കരുതായിരുന്നുവെന്നും വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം സമ്പൂർണ പരാജയമായിരുന്നു എന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.