കോട്ടയം. കേരളത്തില്‍ നാളിതുവരെ നിര്‍മ്മിക്കപ്പെട്ട ഭൂമിയെ സംബന്ധിച്ച മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കാനും സംസ്ഥാനത്തിനായി പൊതുഭൂനിയമവും അനുബന്ധചട്ടങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഭൂനിയമ പരിഷ്‌കരണ കമ്മീഷനെ നിയമിക്കണമെന്ന് കേരളാകോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. വിരമിച്ച ജഡ്ജിമാര്‍, നിയമവിദഗ്ദ്ധര്‍ എന്നിവരടങ്ങുന്നതായിരിക്കണം കമ്മീഷന്‍. ഭൂമിയെ സംബന്ധിച്ച് സംസ്ഥാന രൂപീകരണം മുതല്‍ നിരവധി നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിച്ച കേരളത്തില്‍ വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും പരസ്പരവിരുദ്ധങ്ങളായ നിബന്ധനകള്‍ കടന്നുകൂടിയിട്ടുണ്ട്. ഭൂമി സംബന്ധമായ ലക്ഷക്കണക്കിന് കേസുകള്‍ കര്‍ഷകരേയും ഭൂതഹിതരേയും ബുദ്ധിമുട്ടിക്കുന്നു.
തോട്ടഭൂമി ഉള്‍പ്പെടെ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിനായി 2021 ഒക്ടോബര്‍ 23 ന് സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലറിലെ പരാമര്‍ശങ്ങള്‍ തിരുത്തിക്കൊണ്ട് 2024 ജൂണ്‍ 1 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ തിരുത്തല്‍ ഉത്തരവ് ലക്ഷക്കണക്കായ ചെറുകിട നാമമാത്ര കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി 1971 ലെ സ്വകാര്യ വനമേറ്റെടുക്കല്‍ നിയമപ്രകാരം 158614.7 ഹെക്ടര്‍ ഭൂമിയും വനവല്‍ക്കരിച്ച തീരുമാനവും രാഷ്ട്രീയമായി പുന പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കാലാനുസൃത ഭൂനിയമ പരിഷ്‌കരണത്തിനായി ഭൂനിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.ചെയര്‍മാന്‍ ജോസ് കെ.മാണി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍, ഡോ.എന്‍.ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.