ഇടുക്കി: പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളുടെ പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കോവിൽമല രാജാവ് രാമൻ രാജമന്നാൻ. പട്ടിക വർഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസിലാക്കണം. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വീടുകൾ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ ഉന്നതി എന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും രാമൻ രാജമന്നാൻ പറഞ്ഞു.സങ്കേതം എന്ന് പട്ടിക വർഗക്കാർ മാത്രം താമസിക്കുന്ന സ്ഥലങ്ങളെ പൊതുവായി വിളിക്കുന്നതാണ്. ആ പദപ്രയോഗത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് അഭിപ്രായം. ആ പദം അങ്ങനെ തന്നെ നിലനിർത്തണമെന്നും രാമൻ രാജമന്നാൻ വ്യക്തമാക്കി.
മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് മുമ്പ് അവസാനമായി പുറപ്പെടുവിച്ച ഉത്തരവിലാണ് കെ. രാധാകൃഷ്ണൻ കോളനി, സങ്കേതം, ഊര് എന്ന പേര് ഒഴിവാക്കിയത്. പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ “കോളനി,” “സങ്കേതം”, “ഊര്” എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്യുന്നത്. ഈ പേരുകളിൽ അവമതിപ്പിന് കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ പേരുകൾക്ക് പകരം കാലാനുസൃതമായി നാമകരണം നടത്തുന്നത് ഉചിതമെന്നാണ് പട്ടികജാതി ഡയറക്ടർ ശിപാർശ ചെയ്തത പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ “കോളനി,” “സങ്കേതം”, “ഊര്” എന്നീ പേരുകൾക്ക് പകരമായി “നഗർ”, “ഉന്നതി”, “പ്രകൃതി” മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാമെന്നാണ് ഉത്തരവ്.
ഇത്തരം പ്രദേശങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകുന്നത് പല സ്ഥലത്തും തർക്കങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിനാൽ വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കണം. എന്നാൽ, നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ അത് തുടരാമെന്നും ഉത്തരവിൽ പറയുന്നു.