ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ക്രീമുകൾ മാത്രം പുരട്ടി മതിയാകില്ല. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരിയായ പോഷകങ്ങൾ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
നട്സ്
പിസ്ത, ബദാം, വാൾനട്ട്, കശുവണ്ടി തുടങ്ങിയ നട്സുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും പ്രധാനമാണ്. വാൾനട്ടിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി ചർമത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. അവശ്യ ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ചർമ്മത്തെ ജലാംശം നിലനിർത്തുന്നതിനും മുഖക്കുരു, എക്സിമ, കറുത്ത പാടുകൾ തുടങ്ങിയ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബദാം സഹായകമാണ്.
സിട്രസ് പഴങ്ങൾ
ഭക്ഷണത്തിൽ കഴിയുന്നത്ര സിട്രസ് പഴങ്ങൾ ഉൾപ്പെടുത്തണം. ചർമ്മം ആരോഗ്യകരവും തിളക്കവുമുള്ളതായി കാണുന്നതിന് ദിവസവും കുറഞ്ഞത് ഒരു സിട്രസ് പഴമെങ്കിലും കഴിക്കണം. സിട്രസ് പഴങ്ങൾ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ബ്രൊക്കോളി
ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ കൊളാജൻ്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കന്ന കാറ്റെഷിൻസ് എന്ന സംയുക്തം ചർമത്തെ സംരക്ഷിക്കുന്നു. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് മുഖത്തെ കറുപ്പകറ്റുന്നതിന് ഗുണം ചെയ്യും.
ഫ്ളാക്സ് സീഡ്
കൊളാജൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോഷകങ്ങളാൽ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പും കുറയ്ക്കുന്നു.