കോഴിക്കോട് : അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. ട്രൈബൽ താലൂക്കിലെ ഷോളയൂർ വില്ലേജിൽ സർവേ 1865/2 ൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചത് സംബന്ധിച്ച് സനാതന ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയും, ജോയിന്റ് സെക്രട്ടറിയുമായ കണ്ണൻ എന്നയാളും മുത്തുകുമാർ എന്നയാളും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അൻവാർ സാദത്തിന് മറുപടി നൽകി.
ഇവരുടെ പരാതി അട്ടപ്പാടി ഭൂരേഖ തഹസിൽദാരുടെ ഫയലിൽ നടപടിയിൽ ഇരിക്കുകയാണ്. ഏതെല്ലാം ചാരിറ്റബിൾ സൊസൈറ്റികൾ തമ്മിലാണ് ഇക്കാര്യത്തിൽ തർക്കം ഉണ്ടായിരിക്കുന്നതെന്ന് വിവരം ശേഖരിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ചാരിറ്റബിൾ ട്രസ്റ്റുകൾക്കും ഫാമുകൾക്കും നികുതി അടച്ചു നൽകുന്നുണ്ട്. എന്നാൽ നികുതി അടച്ചു വരുന്ന ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച വിവരം, ഭൂമിയുടെ പൊസഷൻ സർട്ടിഫിക്കറ്റിന്റെയും നികുതി രസീതിന്റെയും പകർപ്പുകൾ ശേഖരിച്ചു വരുകയാണെന്നും അൻവർ സാദത്തിന് മറുപടി നൽകി.