തിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്അപ് വാൻ പലചരക്കു കടയിലേക്ക് പാഞ്ഞുകയറി മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കുളിരാമുട്ടി കവുങ്ങുംതോട്ടം ജോൺ (65), കുളിരാമുട്ടി പുളികുന്നത്ത് സുന്ദരൻ (62), തേക്കുംകുറ്റി മൂഴിയൻ മുഹമ്മദ് റാഫി (36) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പലചരക്കുകട ഉടമ ജോമോൻ (31) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിക്അപ് വാൻ ഡ്രൈവർ ശിഹാബുദ്ദീൻ (37) മുക്കം മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ 9.20ഓടെയാണ് അപകടം. പൂവാറംതോടിൽനിന്ന് ലോഡുമായി വന്ന പിക്അപ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയശേഷം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പലചരക്കുകടയും ഇതോടു ചേർന്ന ചായക്കടയും തകർന്നു. മരിച്ച ജോണും സുന്ദരനും കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പിക്അപ് വാനിലെ യാത്രികനായിരുന്നു മുഹമ്മദ് റാഫി. ലില്ലി കിഴക്കേപറമ്പിലാണ് ജോണിന്റെ ഭാര്യ. മക്കൾ: പ്രിയ (യു.കെ), പ്രജീഷ് (ഇറ്റലി). പ്രേമയാണ് സുന്ദരന്റെ ഭാര്യ. മക്കൾ: അമൃത, ആതിര.
മുഹമ്മദ് കുട്ടി-പാത്തുമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ് റാഫി. ഭാര്യ: ഷൈലത്ത് ബാനു. മക്കൾ: ഹസ ഫാത്തിമ, ആശ്മി. ജോണിന്റെയും സുന്ദരന്റെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുന്ദരന്റെ സംസ്കാരം തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ വെള്ളിയാഴ്ച രാത്രി നടത്തി. മുഹമ്മദ് റാഫിയുടെ ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തേക്കുംകുറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിലും ജോണിന്റെ സംസ്കാരം ഞായറാഴ്ച കുളിരാമുട്ടി മാർ സ്ലീവ ദേവാലയ സെമിത്തേരിയിലും നടക്കും.