കോഴിക്കോട്: യു.ഡി.എഫിലെ പ്രധാന കക്ഷിയായ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കയല്ലേ എന്ന് അവർ ചിന്തിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും മുഖമായാൽ എങ്ങനെയിരിക്കും? ആരാണ് ഈ തെരഞ്ഞെടുപ്പിൽ ലീഗിന് വേണ്ടി ഏറ്റവുമധികം രംഗത്തിറങ്ങിയത്? ഈ പറഞ്ഞ വിഭാഗങ്ങളെല്ലാം കൂടിച്ചേർന്നായിരുന്നു നീക്കം. അതിനോട് കോൺഗ്രസ് ഒരുതരത്തിലുള്ള വിയോജിപ്പും പ്രകടിപ്പിച്ചില്ല. ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും എന്താണെന്ന് കോൺഗ്രസിനറിയാത്തതല്ല. വലിയതോതിൽ അവർ നിങ്ങളുടെ ഭാഗമായി മാറാൻ നിങ്ങൾ സമ്മതിക്കുമ്പോൾ നിങ്ങളും അതിന് പിന്തുണ നൽകലായി. നാല് വോട്ടിന് ഇങ്ങനെ ചെയ്യുന്നത് നമ്മുടെ നാടിന്റെ നല്ല നാളേക്ക് സഹായകമാണോ എന്ന് ചിന്തിക്കണം. ലീഗിന്റെ പൊതുരീതി നഷ്ടപ്പെടുത്തുന്നുവെന്ന നില നോക്കിയാൽ അവർക്ക് അഭിമാനിക്കാൻ വകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് കിട്ടാൻ സഹായിച്ച ശക്തികൾ സ്വീകരിച്ച നിലപാട് ശരിയായോ എന്ന് നല്ല രീതിയിൽ നോക്കണം. സംസ്ഥാനത്തിന് ചേരാത്ത നിലപാട് സ്വീകരിച്ചവർ ഒരുപാട് സഹോദരങ്ങൾ ആക്രമണത്തിനിരയായ കാര്യം ഓർക്കണം. ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ സഹായിച്ച നിലപാട് ശരിയോ എന്ന് വളരെവേഗം പരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിന് വോട്ട് ചെയ്യാനിടയായ സാഹചര്യം പ്രത്യേക രീതിയിൽ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അത് എൽ.ഡി.എഫിനോടുള്ള എന്തെങ്കിലും വിരോധംകൊണ്ട് ജനം യു.ഡി.എഫിന് വോട്ട് ചെയ്തതല്ല. ലോക്സഭ തെരഞ്ഞെടുപ്പ് വരുമ്പോൾ സാധാരണ ജനം ചിന്തിക്കുന്ന വിധം ഈ തെരഞ്ഞെടുപ്പിലും ഉണ്ടായി എന്നേയുള്ളൂ. എൽ.ഡി.എഫിനെ ഇപ്പോഴും ജനം നെഞ്ചേറ്റുന്നു.
എതിരായി വോട്ടുചെയ്തവരെ എതിരാളികളുടെ പട്ടികയിൽ ഞങ്ങൾ പെടുത്തുന്നില്ല. അവരെ നല്ല രീതിയിൽ തിരിച്ചുകൊണ്ടുവരാനാവുമെന്നാണ് കരുതുന്നത്. രാജ്യത്ത് ബി.ജെ.പിയെ ഫലപ്രദമായി നേരിടാനായത് പ്രാദേശികമായ യോജിപ്പുകൾക്കാണ്. ബി.ജെ.പിയും കോൺഗ്രസും ഏറ്റുമുട്ടിയിടത്ത് ബി.ജെ.പിക്കായിരുന്നു മെച്ചം. കർണാടകയിലും തെലങ്കാനയിലുമെല്ലാം കോൺഗ്രസ് സംസ്ഥാന ഭരണത്തിലുണ്ടായിട്ടും ബി.ജെ.പി പ്രതീക്ഷിക്കാത്ത സീറ്റ് നേടി. ബി.ജെ.പിയുടെ പിറകോട്ടടിക്കലിനിടയാക്കിയ കൂട്ടായ്മയിൽ പ്രധാന പങ്കുവഹിച്ചത് പ്രാദേശിക കൂട്ടായ്മയാണ്. ബി.ജെ.പി പരാജയപ്പെടുത്താനാവാത്തവരല്ലെന്ന് വോട്ടിങ് വ്യത്യാസം വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.