തൃശൂര്‍: വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്ന് ഒരു കൊമ്പിന്റെ പകുതി മുറിച്ചെടുത്ത സംഭവത്തില്‍ കുറ്റപത്രം നല്‍കിയില്ല. സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. പ്രതികളില്‍നിന്നു പിടിച്ചെടുത്ത പകുതി കൊമ്പും ആനയുടെ ദേഹത്തുണ്ടായിരുന്ന പകുതി കൊമ്പും ഒന്നാണോ എന്നറിയുന്നതിനായുള്ള ഐഡന്റിഫിക്കേഷന്‍ പരിശോധന നടത്തുന്നതിനു തിരുവനത്തപുരത്തുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ടിലേക്കോ, അല്ലെങ്കില്‍ ഹൈദ്രാബാദിലെ ലാബിലേക്കോ അയയ്ക്കണം. ഇതിനു കോടതിയുടെ അനുമതി ലഭിക്കേണ്ടതായുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലായവ കാരണം കുറ്റപത്രം സമര്‍പ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇതോടെ ജയിലിലായിരുന്ന 11 പ്രതികളും ജാമ്യത്തിലിറങ്ങി. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ആന ചരിഞ്ഞത്. റബര്‍ തോട്ടം ഉടമയുടെ ആവശ്യപ്രകാരം ആനയെ കുഴിച്ചിടാന്‍ എത്തിയവരാണ് ഒരു കൊമ്പിന്റെ പകുതി വെട്ടിയെടുത്തത്. തുടര്‍ന്ന് കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പട്ടിമറ്റം അഖില്‍ മോഹനനെ കോടനാട് റേഞ്ച് വനം ഉദ്യോഗസ്ഥര്‍ ജൂലൈ 13ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ആനയെ കൊന്ന സംഭവം ചുരുളഴിയുന്നത്. ആന ചരിഞ്ഞ സംഭവം മച്ചാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു മാസം കഴിഞ്ഞിട്ടാണറിയുന്നത്. വിവരമറിഞ്ഞതോടെ മച്ചാട് റേഞ്ചര്‍ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തില്‍ ജൂലൈ 14ന് ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡവും മസ്തകവും കൊമ്പുകളും കണ്ടെടുത്തപ്പോള്‍ ഒരു കൊമ്പിന്റെ പകുതി മുറിച്ച നിലയിലായിരുന്നു.