തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുള്ള സി.പി.എം വിദ്യാർഥി സംഘടന എസ്.എഫ്.ഐയുടെ പ്രതിഷേധ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുറെനാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. അവർ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകും. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാർഥി സംഘടനകളായ എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ പ്രക്ഷോഭപാതയിലാണ്. വിദ്യാർഥികളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞതോടെയാണ് എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റിയും സമരം പ്രഖ്യാപിച്ചത്. മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാർഥി സംഘടനകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്.
മലപ്പുറം കലക്ടറേറ്റിലേക്ക് നടന്ന മാർച്ച് എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്സൽ ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഇടത് സർക്കാറിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ സമരം ചെയ്യാതിരുന്നതെന്നും അഫ്സൽ ചൂണ്ടിക്കാട്ടി.
പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂർത്തിയായിട്ടും തീരുമാനമെടുക്കാത്ത സർക്കാർ, മലബാർ മേഖലയിൽ ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്മെന്റിൽ ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളുടെ മൂന്നിരട്ടി വിദ്യാർഥികളാണ് മലബാറിൽ പുറത്തിരിക്കുന്നത്.
സീറ്റ് ക്ഷാമം രൂക്ഷമായ മലബാറിൽ പ്രതിസന്ധിയില്ലെന്ന കണക്കുമായി ശനിയാഴ്ച രാവിലെ മന്ത്രി രംഗത്തുവന്നിരുന്നു. എന്നാൽ, മന്ത്രി പുറത്തുവിട്ട കണക്കുകൾ ഏതാനും മണിക്കൂറുകൾക്കകം പൊളിയുകയും ചെയ്തു. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞാൽ സ്ഥിതി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. മതിയായ കുട്ടികളില്ലാത്ത 129 ബാച്ചുകൾ മധ്യ, തെക്കൻ കേരളത്തിലെ സ്കൂളുകളിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതിൽ തൊടാൻ സർക്കാർ തയാറായിട്ടില്ല. ഇതിൽ 30 ബാച്ചുകളിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിരുന്നത്.