ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഫലമായി, ഒരു നൂറ്റാണ്ട് മുമ്പ് ആളുകൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിൽ നടക്കുന്നുണ്ട്. ഉദാഹരണത്തിന്, ആകാശത്ത് പറക്കുക എന്നത് ഒരു ഭാവനയായിരുന്നു, എന്നാൽ ഇന്ന് അത് വലിയ കാര്യമല്ല. ആളുകൾ റിക്ഷയിലോ കാൽനടയായോ സഞ്ചരിച്ചിരുന്ന ദൂരം പോലും താണ്ടാൻ ഇന്ന് വിമാനത്തിൽ കയറുന്നുണ്ട്. അത്ഭുതപ്പെടേണ്ട സംഗതി സത്യമാണ്, ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വെറും 2.7 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിക്കുന്ന ഈ വിമാനം സ്കോട്ടിഷ് ദ്വീപുകളായ വെസ്‌ട്രേയ്‌ക്കും പാപ്പാ വെസ്‌ട്രേയ്‌ക്കും ഇടയിലാണ് സർവീസ് നടത്തുന്നത്. ഇനി ഇതിന്‍റെ യാത്രാ സമയം അറിയണ്ടേ? വെറും ഒരു മിനിറ്റ്. ചില അപൂർവ സാഹചര്യങ്ങളിൽ രണ്ടു മിനിറ്റ് വരെയാകാം. ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം പറക്കുന്ന വാണിജ്യ വിമാനത്തിനുള്ള ലോക റെക്കോർഡ് ബ്രിട്ടൻ-നോർമൻ ഐലൻഡർ എന്ന വിമാനത്തിന്‍റെ പേരിലാണ്. ഈ വിമാനം ഒരു വാണിജ്യ വിമാനമാണ്, അത് ആകാശത്തിലേക്ക് പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ യാത്ര അവസാനിക്കുകയും ചെയ്യുന്നു.
നമ്മളിൽ ഭൂരിഭാഗവും കാറിലോ ബസിലോ കാൽനടയായോ ആണ് 1.7 മൈൽ, അതായത് 2.7 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത്. എന്നാൽ, വടക്കൻ സ്കോട്ട്‌ലൻഡിലെ ദ്വീപുകളിൽ താമസിക്കുന്നവർ ഈ ദൂരം എയറോപ്ലെയിൻ വഴിയാണ് സഞ്ചരിക്കുന്നത്.ബ്രിട്ടൻ-നോർമൻ ഐലൻഡർ, എട്ട് സീറ്റുകൾ മാത്രമുള്ള ഒരു ചെറിയ വിമാനമാണ്. ഒരു പൈലറ്റ് മാത്രമാണ് യാത്രക്കാരെ കൊണ്ട് പോകാനുള്ളത്. ഓർക്ക്നി ദ്വീപുകൾക്കും (Orkney Islands) വെസ്‌ട്രേയ്‌ക്കും (Westray) ഇടയിലുള്ള യാത്രയ്ക്ക് ഈ ഫ്ലൈറ്റ് സാധാരണയായി 90 സെക്കൻഡ് എടുക്കും, എന്നാൽ, കാലാവസ്ഥ അനുകൂലമല്ലെങ്കിൽ, 2 അല്ലെങ്കിൽ 3 മിനിറ്റ് എടുത്തേക്കാം.
ഓർക്ക്‌നി ദ്വീപുകളിൽ നിന്നുള്ള ബോട്ടുകൾ വഴിയും ഇവിടേയ്ക്ക് യാത്ര സാധ്യമാണ്, എന്നാൽ, ജലനിരപ്പ് ഉയരുമ്പോൾ ഇത് എല്ലായ്പ്പോഴും സാധ്യമല്ല. അത്തരം സാഹചര്യത്തിൽ ആളുകൾ ഈ ചെറിയ യാത്രയ്ക്ക് ആശ്രയിക്കുന്നത് വിമാനത്തെയാണ്. 1967 -ലാണ് ഈ വിമാന സർവീസ് ആരംഭിച്ചത്. ഇന്നും അത് മുടക്കമില്ലാതെ തുടരുന്നു. ഇതിനായി 2000 മുതൽ 4,700 രൂപ വരെ വിലയുള്ള സബ്‌സിഡി ടിക്കറ്റുകളും ലഭ്യമാണ്.