ഭോപാൽ: മധ്യപ്രദേശിൽ മുസ്ലിം അധ്യാപകനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി. ഉജ്ജെയിനിലെ വിക്രം യൂനിവേഴ്സിറ്റിയിലാണ് സംഭവം. ഇസ്ലാം മതം പ്രചരിപ്പിക്കുന്നുവെന്നും ഹിന്ദു വിദ്യാർഥികളെ ലക്ഷ്യമിടുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
അനീഷ് ഷെയ്ഖ് എന്ന മുസ്ലിം പ്രൊഫസർ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഹിന്ദു വിദ്യാർഥികൾക്കിടയിൽ ഇസ്ലാമിനെയും മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘത്തിന്റെ ആരോപണം. കഴിഞ്ഞ 13 വർഷമായി വിക്രം യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രിയിൽ ഗസ്റ്റ് ഫാക്കൽറ്റിയാണ് പ്രൊഫസർ ഷെയ്ഖ്. മുസ്ലിം വിദ്യാർത്ഥികൾക്ക് രസതന്ത്രത്തിൽ മികച്ച ഗ്രേഡുകൾ നൽകി ഹിന്ദു വിദ്യാർഥികളോട് അധ്യാപകൻ വിവേചനം കാണിക്കുകയും ഹിന്ദു വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് നൽകി അവരെ പരാജയപ്പെടുത്തുകയുമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അതേസമയം ആരോപണം അധ്യാപകൻ തള്ളി. ഒരു വിദ്യാർത്ഥിയോടും അവരുടെ മതത്തിൻ്റെ അടിസ്ഥാനത്തിൽvdve വിവേചനം കാണിക്കാൻ കഴിയില്ലെന്നും എല്ലാവരേയും തുല്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രതിഷേധക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അധ്യാപകനെതിരെ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്നും ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.