തിരുവനന്തപുരം: ടൂറിസംവകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം എം.എൽ.എയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാതെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സഭക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും എം.എൽ.എ നിയമസഭയിൽ തുറന്നടിച്ചു.
കരാർ നീട്ടുകൊണ്ടുപോകുന്നതിൽ ടൂറിസം വകുപ്പിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശം പോലും വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല. സ്വകാര്യ കൺസൾട്ടൻസിയെ ഏൽപ്പിച്ച് പദ്ധതി അട്ടിമറിക്കാനാണ് ഇപ്പോൾ നീക്കമെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
കടകംപള്ളി ടൂറിസം മന്ത്രി ആയിരുന്ന കാലത്ത് തന്റെ മണ്ഡലത്തിൽ തുടങ്ങിവെച്ച പദ്ധതിയാണ് ആക്കുളം പുനരുജ്ജീവന പദ്ധതി. 185 കോടി രൂപ ചെലവിൽ 225 ഏക്കറിൽ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനുള്ളതാണ് പദ്ധതി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഒരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കരാറിൽ ഒപ്പിടാതെ മനപ്പൂർവം നീട്ടുകൊണ്ടുപോകുകയാണ് കടകംപള്ളിയുടെ ആരോപണം.
എന്നാൽ, മുൻമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയാതെ കിഫ്ബി റിപ്പോർട്ട് പ്രകാരം മുന്നോട്ടുപോകുമെന്ന് മാത്രം പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് അവസാനിപ്പിച്ചു. നേരത്തെ, തലസ്ഥാനത്തെ റോഡ് നിർമാണ കാരാറുകളിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് ടൂറിസം വകുപ്പിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്തുവന്നിരുന്നു.