മോസ്കോ : യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള ക്രൈമിയയിൽ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യ. യുക്രൈൻ അതിർത്തികളിൽ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ‘തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന്’റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യൻ ദേശീയ ചാനൽ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയിൽ നിന്ന് റെയിൽ മാർഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിൻവലിക്കുന്നതായി റഷ്യൻ പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അമേരിക്കയുൾപ്പടെയുള്ള നാറ്റോ രാജ്യങ്ങൾ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. യുക്രൈൻ അതിർത്തിയിൽ ഒന്നരലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. റഷ്യ സൈനികരെ പിൻവലിച്ചുവെന്നത് തങ്ങൾക്ക് സ്ഥരികരിക്കാനായിട്ടില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു.