ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ പഴയ അത്യാഹിതവിഭാഗത്തിൽ തീപിടുത്തം. ഇവിടുത്തെ സ്റ്റോർ മുറിയിലാണ് ചൊവ്വാഴ്ച തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവിസസ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും രോഗികൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും സഫ്ദർജംഗ് ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ഒരു നഴ്സിനെ ജനൽ തകർത്ത് രക്ഷപ്പെടുത്തി.
രാവിലെ 10.40ഓടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഡി.എഫ്.എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ഏഴ് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തി. കെട്ടിടത്തിന്റെ സ്റ്റോർ റൂമിലാണ് തീ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഫ്ദർജംഗ് ആശുപത്രിക്ക് സമീപമാണ് പൊലീസ് സ്റ്റേഷൻ. അതിനാൽ പൊലീസ് ഉടനടി സ്ഥലത്തെത്തി അഗ്നിശമന സേനാംഗങ്ങളെ ഏകോപിപ്പിച്ചുവെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആയുഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുകയെത്തുടർന്ന് നഴ്സിങ് ജീവനക്കാരിൽ ചിലർ മൂന്നാം നിലയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതരായി പുറത്തെത്തിച്ചു. ആശുപത്രിയുടെ ജനൽ തകർത്താണ് മൂന്നാം നിലയിൽ നിന്ന് പ്രായമായ ഒരു നഴ്സിനെ രക്ഷപ്പെടുത്തിയത്. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിക്കുന്നു.